സഭാ തർക്കം : ഓർത്തോഡോക്സ്, യാക്കോബായ സഭകളിലെ മൂന്ന് വൈദികരെ വീതം പ്രധാനമന്ത്രി കാണും

ന്യൂഡൽഹി: മലങ്കര സഭാ തർക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നടത്തുന്ന ചർച്ചയിൽ ഓർത്തോഡോക്സ് യാക്കോബായ സഭകളിൽ നിന്ന് മൂന്ന് വൈദികർ വീതം പങ്കെടുക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. സഭകളുമായി വെവ്വേറെ നടത്തുന്ന ചർച്ചയിൽ ഇരു സഭകളുടെയും ആശങ്ക പ്രധാനമന്ത്രി കേൾക്കും. 28, 29 ദിവസങ്ങളിലാകും ചർച്ച എന്നാണ് സൂചന

ഡിസംബർ 28 നാണ് പ്രധാനമന്ത്രി ഓർത്തോഡോക്സ് സഭയുടെ വൈദികരുമായി ചർച്ച നടത്തുന്നത്. ഓർത്തോഡോക്സ് സഭയെ പ്രതിനിധീകരിച്ച് സിനഡ് സെക്രട്ടറി  ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്,  കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ്, ഡൽഹി ഭദ്രാസന മെത്രോപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക

യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വെവ്വേറെ നടക്കുന്ന ചർച്ചകളിൽ ഇരു സഭകൾക്കും ഒരു മണിക്കൂറിൽ അധികം സമയം പ്രധാനമന്ത്രിയുടെ ഓഫീസ്  അനുവദിച്ചിട്ടുണ്ട്. ചർച്ചകളിൽ മിസോറാം ഗവർണർ പി. എസ് ശ്രീധരൻ പിള്ളയും പങ്കെടുക്കും എന്നാണ്  സൂചന. ആദ്യ ഘട്ട ചർച്ചയിൽ സഭകളുടെ ആശങ്കകൾ പ്രധാനമന്ത്രി കേൾക്കും. പ്രശ്ന പരിഹാരത്തിന് ഇരു സഭകളും മുന്നോട്ട് വയ്ക്കുന്ന ശുപാർശകൾ കൂടി കണക്കിലെടുത്താകും തുടർ നടപടികൾ. സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ അത് കൂടി കണക്കിലെടുത്താകും പ്രശ്ന പരിഹാര നിർദേശങ്ങൾ തയ്യാറാക്കുകയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി

 

Source :https://www.mathrubhumi.com/

No announcement available or all announcement expired.