കോലഞ്ചേരി പള്ളിത്തര്‍ക്ക പരിഹാരം :ഹിതപരിശോധന ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ 1616 കുടുംബങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി

 

 

കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും മന്ത്രിസഭാ ഉപസമിതിക്കും ഭീമഹര്‍ജി നല്‍കി. 1616 കുടുംബനാഥന്മാരാണ്‌ ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്‌.

 

കോടതിയുടെയോ സര്‍ക്കാരിന്റെയോ നിയന്ത്രണത്തിലുള്ള നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തി (റഫറണ്ടം) നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തണമെന്നാണ്‌ ആവശ്യം.

 

പ്രതിപക്ഷ നേതാവ്‌, മന്ത്രിസഭാംഗങ്ങള്‍, കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍, മറ്റു രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍, കലക്‌ടര്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്‌. പള്ളിയിലാകെ 2008 കുടുംബങ്ങളുണ്ട്‌. ഇതില്‍ 1616 വീട്ടുകാര്‍ പാത്രിയര്‍ക്കീസ്‌ വിഭാഗത്തില്‍ പെട്ടവരാണ്‌. ചിലകുടുംബങ്ങള്‍ നൂതനസഭകളിലും കുറച്ചുപേര്‍ നിഷ്‌പക്ഷമതികളുമായി കഴിയുന്നു.

 

തങ്ങളുടെ പള്ളിയില്‍ 1973 നുശേഷം ഇടവക പൊതുയോഗം കൂടിയിട്ടില്ല. ഇതിനിടയില്‍ 1998 മുതല്‍ 2006 ജനുവരി 15 വരെയും 2007 ഓഗസ്‌റ്റ് 21 മുതല്‍ 2010 ഡിസംബര്‍ വരെയും പള്ളി അടഞ്ഞുകിടന്നു. ഈ കാലയളവില്‍ പള്ളി മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ കസ്‌റ്റഡിയിലായിരുന്നു. പള്ളി പൂട്ടിക്കിടന്ന സമയത്ത്‌ മറുവിഭാഗം തെരഞ്ഞെടുപ്പ്‌ നടത്തിയതായി വ്യാജരേഖയുണ്ടാക്കി കോടതിയില്‍ ഹാജരാക്കിയാണ്‌ വിധി സമ്പാദിച്ചത്‌. കോലഞ്ചേരി പോലെ വടക്കന്‍ പ്രദേശങ്ങളിലുള്ള യാക്കോബായ പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കൈവശപ്പെടുത്തുന്നതിനു ശ്രമം നടത്തിവരുന്നു. ഇത്‌ ഈ മേഖലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം ഇല്ലാതാക്കുമെന്നും നിവേദനത്തില്‍ പറയുന്നു. വികാരി ഫാ. വര്‍ഗീസ്‌ ഇടുമാരി, വലിയ പള്ളി ട്രസ്‌റ്റി കെ.എസ്‌. വര്‍ഗീസ്‌, ട്രസ്‌റ്റി സ്ലീബാ ഐക്കരകുന്നത്ത്‌, സ്‌കൂള്‍ മാനേജര്‍ പൗലോസ്‌ പി. കുന്നത്ത്‌, കുടുംബയൂണിറ്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ബാബു പോള്‍, ഭദ്രാസന കൗണ്‍സിലര്‍ നിബു കെ. കുര്യാക്കോസ്‌, ജോയിന്റ്‌ ട്രസ്‌റ്റി ജോണി മനിച്ചേരില്‍ തുടങ്ങിയവര്‍ നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്‌.

 

 

 

Be the first to comment on "കോലഞ്ചേരി പള്ളിത്തര്‍ക്ക പരിഹാരം :ഹിതപരിശോധന ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ 1616 കുടുംബങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.