1934 ലെ ഭരണഘടനാ ഭേദഗതിക്കുള്ള അധികാരം ആഗോള സിനഡിന്‌: പാത്രിയര്‍ക്കീസ്‌ ബാവ | Mangalam

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ രണ്ടു മുതിര്‍ന്ന മെത്രാപ്പോലീത്തമാര്‍ ബെയ്‌റൂട്ടിലുള്ള പാത്രിയര്‍ക്കാ അരമനയിലെത്തി സുറിയാനി സഭാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുമായി കൂടിക്കാഴ്‌ച നടത്തി. 45 വര്‍ഷത്തിനുശേഷം ആദ്യമായാണ്‌ ഓര്‍ത്തഡോക്‌സ്‌ ബിഷപ്പുമാര്‍ പാത്രിയര്‍ക്കാ അരമനയിലെത്തി ബാവായെ കാണുന്നത്‌.

കണ്ടനാട്‌ ഭദ്രാസനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസും വടക്കുകിഴക്കന്‍ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതലയുള്ള സഖറിയാസ്‌ മാര്‍ നിക്കോളാവസും പാത്രിയര്‍ക്കീസ്‌ ബാവയുമായി നടത്തിയ കൂടിക്കാഴ്‌ച മൂന്നു മണിക്കൂര്‍ നീണ്ടുനിന്നതായാണു വിവരം. നേരത്തേ നിര്‍ദേശിച്ച സമയത്തില്‍ നിന്നു രണ്ടു മണിക്കൂര്‍ വൈകിയാണ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി ലഭിച്ചത്‌.

ഓര്‍ത്തഡോക്‌സ്‌ പക്ഷത്തുനിന്നുള്ള നിര്‍ദേശങ്ങള്‍ ഔദ്യോഗികമല്ലാത്തതുകൊണ്ട്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ എന്തു പ്രയോജനമെന്നു പാത്രിയര്‍ക്കീസ്‌ ബാവ ചോദിച്ചു. കൂടിക്കാഴ്‌ച തികച്ചും വ്യക്‌തിപരമാണെന്നും മലങ്കരസഭയുടെ തുടര്‍ന്നുള്ള പ്രയാണത്തെക്കുറിച്ചു പാത്രിയര്‍ക്കീസ്‌ ബാവയുടെ ആലോചന അറിയാന്‍ ആഗ്രഹമുണ്ടെന്നും മാര്‍ അത്താനാസിയോസ്‌ അറിയിച്ചു.

തങ്ങള്‍ അറിയിക്കുന്ന കാര്യങ്ങള്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഭൂരിഭാഗം വരുന്ന ഇടവക ജനങ്ങളുടെയും അഭിപ്രായമാണെന്നും കൂടിയാലോചനയ്‌ക്ക്‌ ഏറ്റവും ഉചിതമായ സമയം ഇതാണെന്നും അദ്ദേഹം അറിയിച്ചു. സുപ്രീംകോടതി വിധിപ്രകാരം മലങ്കര സഭയില്‍ ഏക പാത്രിയര്‍ക്കീസും ഏക കാതോലിക്കയും മാത്രമാണുള്ളതെന്നും മാര്‍ അത്താനാസിയോസ്‌ വ്യക്‌തമാക്കി.

വിധി പഠിച്ചെന്നും കോടതിവിധിപ്രകാരം യാക്കോബായ ക്‌നാനായ സഭ മലങ്കര സഭയുടെ ഭാഗമാണെന്നും എങ്കില്‍ത്തന്നെയും അവര്‍ക്കു കോടതിവിധി ബാധകമല്ലെന്നും പാത്രിയര്‍ക്കീസ്‌ ബാവ മറുപടി നല്‍കി. സിംഹാസന പള്ളികളും 1934-ലെ ഭരണഘടന അംഗീകരിക്കാത്ത പള്ളികളുമുള്ള നിലയ്‌ക്ക്‌ ഈ പള്ളികളുടെ നിയന്ത്രണം കൂടി പരിശുദ്ധ കാതോലിക്കാ ബാവയ്‌ക്കു വേണോയെന്നു പാത്രിയര്‍ക്കീസ്‌ ബാവ ആരാഞ്ഞു.

മലങ്കര സഭയില്‍നിന്നു നേരത്തേ പിരിഞ്ഞുപോയ ഒരു വിഭാഗം സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ റീത്തായി തുടരാന്‍ ആഗ്രഹിക്കുന്ന സമയത്ത്‌ എന്തിനാണു നിങ്ങള്‍ ഒരു വിഭാഗക്കാര്‍ മാതൃസഭയെ തള്ളിപ്പറയുന്നതെന്നും പാത്രിയര്‍ക്കീസ്‌ ബാവ ചോദിച്ചു. നിങ്ങളുടെ തീരുമാനം ഇടവക ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെപ്പറ്റി ഉല്‍ക്കണ്‌ഠയുണ്ടെങ്കിലും ഓര്‍ത്തഡോക്‌സ്‌ പക്ഷത്തിനു സ്വതന്ത്ര സഭയായി പ്രവര്‍ത്തിക്കാന്‍ ഒരു തടസവുമില്ലെന്നും പാത്രിയര്‍ക്കീസ്‌ ബാവ വ്യക്‌തമാക്കി. പാത്രിയര്‍ക്കീസ്‌ സ്‌ഥാനത്തെ തള്ളിപ്പറയുന്നതു യുക്‌തവും ന്യായവുമല്ല എന്നാണു തന്റെ വ്യക്‌തിപരമായ അഭിപ്രായമെന്നു മാര്‍ അത്താനാസിയോസ്‌ മറുപടി നല്‍കി. പാത്രിയര്‍ക്കേറ്റുമായുള്ള ബന്ധം വിച്‌ഛേദിക്കാന്‍ ഭരണഘടനാ ഭേദഗതി പ്രകാരം മാത്രമേ സാധിക്കൂവെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇപ്പോഴുള്ള പാത്രിയര്‍ക്കീസിനെ ഓര്‍ത്തഡോക്‌സ്‌ പക്ഷത്തിന്റെ അനുമതിയോടെ തെരഞ്ഞെടുത്തതല്ലാത്തതിനാല്‍ പാത്രിയര്‍ക്കീസ്‌ സ്‌ഥാനം നിലനില്‍ക്കുകയില്ല എന്നല്ലേ നിങ്ങള്‍ വാദിക്കുന്നതെന്നു പാത്രിയര്‍ക്കീസ്‌ ബാവ ചോദിച്ചു. അപ്രകാരം പാത്രിയര്‍ക്കീസ്‌ സ്‌ഥാനം മലങ്കര സഭയുടെ സഹകരണത്തോടെ മാത്രമാണെന്നു വിധിച്ചാല്‍ നിങ്ങള്‍ ചര്‍ച്ചയ്‌ക്കു വരുമോ എന്നും ബാവ ആരാഞ്ഞു. പുതിയ പാത്രിയര്‍ക്കീസ്‌ സ്‌ഥാനമേറ്റ വിവരം മലങ്കര സഭയ്‌ക്ക്‌ ഒരു അറിയിപ്പായി നല്‍കിയാല്‍ മാത്രം മതിയെന്നാണു സുപ്രീം കോടതി വിധിയിലുള്ളതെന്നു മാര്‍ അത്താനാസിയോസ്‌ മറുപടി നല്‍കി.

അക്കാര്യം അറിയാമെന്നും കൂടാതെ ഭരണഘടനയില്‍ അടിമുടി ഭേദഗതി വേണമെങ്കില്‍ ആകമാന സുറിയാനി സഭയുടെ സിനഡിനേ സാധിക്കുകയുള്ളൂവെന്നും വേണമെങ്കില്‍ അക്കാര്യം ആലോചിക്കാമെന്നും പാത്രിയര്‍ക്കീസ്‌ ബാവ അറിയിച്ചു. ഇക്കാര്യം ആവശ്യമാണെന്നും കേസ്‌ ജയിക്കാന്‍ ഇടവക തങ്ങളുടെ അവകാശം ട്രസ്‌റ്റിനാക്കിയ നടപടി സഭയിലെ ഇരുഭാഗം ജനങ്ങളെയും അസംതൃപ്‌തരാക്കിയെന്നും മാര്‍ അത്താനാസിയോസ്‌ അറിയിച്ചു.

1934-ലെ ഭരണഘടന മലങ്കര സഭയിലുള്ള ഒരു വിഭാഗത്തിന്റെ സൃഷ്‌ടിയാണെന്നും എന്നാല്‍ അതു മലങ്കരസഭയില്‍ പൂര്‍ണമായി നടപ്പാക്കാന്‍ പല കാരണങ്ങള്‍ കൊണ്ടും സാധ്യമല്ലെന്നും മാതൃസഭയില്‍ നിന്നു കാനോനികമായി വാഴിക്കപ്പെട്ട ഒരു കാതോലിക്ക മലങ്കരസഭയുടെ ആരാധ്യനും അവിഭാജ്യവുമാണെന്നും പാത്രിയര്‍ഗീസ്‌ ബാവ അഭിപ്രായപ്പെട്ടു. അതിന്‍ പ്രകാരമുള്ള ചര്‍ച്ചകള്‍ മാത്രം തുടര്‍ന്നാല്‍ മതിയെന്നും ബാവ വ്യക്‌തമാക്കിയതായി പാത്രിയര്‍ക്കാ സെക്രട്ടറി (മലങ്കര അഫയേഴ്‌സ്‌) മാത്യൂസ്‌ മോര്‍ തിമോഥിയോസ്‌ അറിയിച്ചു. സമാധാനചര്‍ച്ചകള്‍ക്കുള്ള വാതില്‍ പാത്രിയര്‍ക്കേറ്റ്‌ തുറന്നിട്ടിരിക്കുകയാണെന്നും ബാവ അറിയിച്ചു. തുടര്‍ന്ന്‌ മാര്‍ അത്താനാസിയോസ്‌ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വിവിധ സാധ്യതകളും സമര്‍പ്പിച്ചു.

Be the first to comment on "1934 ലെ ഭരണഘടനാ ഭേദഗതിക്കുള്ള അധികാരം ആഗോള സിനഡിന്‌: പാത്രിയര്‍ക്കീസ്‌ ബാവ | Mangalam"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.