മഞ്ഞനിക്കര പെരുനാള്‍: വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കുമെന്ന്‌ കലക്‌ടര്‍

 

മഞ്ഞനിക്കര പെരുനാളിനോടനുബന്ധിച്ച്‌ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ലഭ്യമാക്കാന്‍ ജില്ലാ കലക്‌ടര്‍ എസ്‌. ലളിതാംബികയുടെ അദ്ധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്‌ഥരുടെ യോഗം തീരുമാനിച്ചു. ഫെബ്രുവരി 7 മുതല്‍ 13 വരെയാണ്‌ 78-ാമത്‌ മഞ്ഞനിക്കര പെരുനാള്‍.

പെരുനാളിന്റെ സുഗമമായ നടത്തിപ്പിനായി മഞ്ഞനിക്കരയിലും പരിസരപ്രദേശങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും. മഞ്ഞനിക്കരയിലേക്ക്‌ വരുന്ന എല്ലാ റോഡുകളിലുമുള്ള തകരാറിലായ തെരുവുവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഫെബ്രുവരി അഞ്ചിന്‌ മുമ്പ്‌ നന്നാക്കും. പെരുനാളിന്‌ എത്തിച്ചേരുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ആവശ്യമായ കുടിവെള്ളം ലഭ്യമാക്കും. ഇതിനായി ആവശ്യാനുസരണം താത്‌ക്കാലിക ടാപ്പുകള്‍ സ്‌ഥാപിക്കും.

മഞ്ഞനിക്കരയിലേക്കുള്ള അനുബന്ധറോഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ഫെബ്രുവരി 5ന്‌ മുമ്പ്‌ പൂര്‍ത്തിയാക്കും.

പത്തനംതിട്ട, ചെങ്ങന്നൂര്‍, പന്തളം, കോട്ടയം, തിരുവല്ല എന്നീ സ്‌റ്റേഷനുകളില്‍ നിന്നും ആവശ്യാനുസരണം കെഎസ്‌ആര്‍ടിസി ബസ്‌ സര്‍വ്വീസുകള്‍ നടത്തും. ബസുകളുടെ പാര്‍ക്കിംഗിനായി ദയറാ അധികാരികള്‍ ആവശ്യമായ സ്‌ഥലം ഏര്‍പ്പെടുത്തും. അഗ്നിശമന സേനയുടെ സേവനം ഉറപ്പുവരുത്തും.

മഞ്ഞനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്‌ടര്‍, ജീവനക്കാര്‍ എന്നിവരുടെ സേവനം ഉറപ്പുവരുത്തും. പെരുനാള്‍ കാലയളവില്‍ മഞ്ഞനിക്കരയില്‍ ആംബുലന്‍സ്‌ സൗകര്യം ക്രമീകരിക്കും.

ചെന്നീര്‍ക്കര, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള റോഡുകള്‍ സഞ്ചാരയോഗ്യമാക്കും. തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന്‌ ആവശ്യമായ സാധനസാമഗ്രികള്‍ ഗ്രാമപഞ്ചായത്തുകള്‍ കെ.എസ്‌.ഇ.ബിക്കു നല്‍കും. പോലീസ്‌ പാര്‍ക്കിംഗ്‌, ക്രമസമാധാനം, ഗതാഗത നിയന്ത്രണം എന്നിവയുടെ ചുമതല വഹിക്കും. എക്‌സൈസ്‌ പോലീസുമായി ചേര്‍ന്ന്‌ മഞ്ഞനിക്കരയിലും പരിസരപ്രദേശങ്ങളിലും വ്യാജമദ്യവില്‌പന തടയുന്നതിന്‌ റെയ്‌ഡുകള്‍ നടത്തും.

മഞ്ഞനിക്കര പെരുനാളിന്റെ സുഗമമായ നടത്തിപ്പിന്‌ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ കോ-ഓര്‍ഡിനേറ്ററായും കോഴഞ്ചേരി തഹസീല്‍ദാര്‍ അസിസ്‌റ്റന്റ്‌ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും.

യോഗത്തില്‍ അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എ, അടൂര്‍ ആര്‍.ഡി.ഒ എന്‍.കെ.സുന്ദരേശന്‍, അഡ്‌മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്‌.പി പി.ബി.വിജയന്‍, കോഴഞ്ചേരി തഹസീല്‍ദാര്‍ ഇ.ഡി.സുഗതന്‍, തദ്ദേശസ്വയംഭരണ ഭാരവാഹികളായ കെ.ജി.അനിത, ഏലിയാമ്മ യോഹന്നാന്‍, മഞ്ഞനിക്കര ദയറാ ഭാരവാഹികളായ ജേക്കബ്‌ തോമസ്‌, ഇ.കെ.മാത്യൂസ്‌, പി.ജി.ജോസഫ്‌, മറ്റ്‌ വകുപ്പ്‌ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Be the first to comment on "മഞ്ഞനിക്കര പെരുനാള്‍: വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കുമെന്ന്‌ കലക്‌ടര്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.