സഭാ തര്‍ക്കം അനുരഞ്‌ജനത്തിലൂടെ പരിഹരിക്കണം: ഹൈക്കോടതി

 

 

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം അനുരഞ്‌ജനത്തിലൂടെ പരിഹരിക്കണമെന്നു ഹൈക്കോടതി. വിശ്വാസപ്രശ്‌നമെന്ന നിലയില്‍ മധ്യസ്‌ഥ ശ്രമങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹാരം കണ്ടെത്തുകയാണ്‌ ഉചിതമെന്നു ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.

 

കോലഞ്ചേരി പള്ളിയില്‍ ഇരുവിഭാഗത്തിനും ആരാധന നടത്താവുന്ന തരത്തില്‍ ധാരണയിലെത്താന്‍ കഴിയുമോയെന്നു ഹര്‍ജി പരിഗണിക്കവേ കോടതി ആരാഞ്ഞു. ഇരുവിഭാഗവും സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തണം. സഭാ തര്‍ക്കത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കോടതി വിധികളെക്കാള്‍ മധ്യസ്‌ഥതയിലൂടെ പരിഹാരം ഉണ്ടായതായി കാണാം- കോടതി പറഞ്ഞു.

 

സര്‍ക്കാരിന്‌ ഒരു പക്ഷത്തോടും അനുഭാവമില്ലെന്നും സമാധാന അന്തരീക്ഷം ഉറപ്പാക്കുകയാണു പരമമായ ലക്ഷ്യമെന്നും അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണി ബോധിപ്പിച്ചു. എറണാകുളം പള്ളിക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചുകൊണ്ടുള്ള സെപ്‌റ്റംബര്‍ ആറിലെ ഉത്തരവ്‌ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പള്ളിക്കോടതി ഉത്തരവിനു മുമ്പുള്ള സ്‌ഥിതി നിലനിര്‍ത്താന്‍ ഉത്തരവു വേണമെന്ന യാക്കോബായ പക്ഷത്തിന്റെ ആവശ്യത്തിനു നീതീകരണമില്ലെന്നു കോടതി പറഞ്ഞു. പള്ളിയുടെ താക്കോല്‍ മറുപക്ഷത്തിനു കൈമാറാനാണു കീഴ്‌ക്കോടതിയുടെ നിര്‍ദേശമുള്ളത്‌. ഈ വിധിക്കെതിരേയാണ്‌ അപ്പീലെന്നു കോടതി പറഞ്ഞു.

 

പ്രശ്‌ന പരിഹാരത്തിനു സര്‍ക്കാര്‍ നിയമിച്ച ഉപസമിതിയുമായി സഹകരിക്കുമെന്ന്‌ ഇരുവിഭാഗവും കോടതിയില്‍ പറഞ്ഞു.

 

യാക്കോബായ വിഭാഗത്തിനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്‌. വൈദ്യനാഥനും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുവേണ്ടി അഡ്വ. എസ്‌. ശ്രീകുമാറും ഹാജരായി. നവംബര്‍ രണ്ടിനു കേസ്‌ വീണ്ടും പരിഗണിക്കും.

 

Be the first to comment on "സഭാ തര്‍ക്കം അനുരഞ്‌ജനത്തിലൂടെ പരിഹരിക്കണം: ഹൈക്കോടതി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.