ശ്രേഷ്‌ഠബാവ പ്രാര്‍ഥനാ യജ്‌ഞം അവസാനിപ്പിച്ചു

കോലഞ്ചേരി: യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ നേതൃത്വത്തിലുള്ള പ്രാര്‍ഥനാ യജ്‌ഞം അവസാനിപ്പിച്ചു. സഭാ തര്‍ക്കം സംബന്ധിച്ച ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനം.

 

കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്‌ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്‌ കഴിഞ്ഞ ഇരുപതു ദിവസമായി ബാവ പ്രാര്‍ഥനാ യജ്‌ഞം നടത്തിവന്നിരുന്നത്‌. ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ യാക്കോബായസഭ സ്വാഗതം ചെയ്യുന്നതായി ശ്രേഷ്‌ഠബാവ അറിയിച്ചു.

 

കോലഞ്ചേരി പള്ളിയില്‍ ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ മാറ്റിനിര്‍ത്തി കോടതി വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന്‌ കോടതിക്കും സര്‍ക്കാരിനും ബോധ്യം വന്നതായി സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത അറിയിച്ചു.

നവംബര്‍ രണ്ടിനകം മന്ത്രിസഭാ ഉപസമിതി ഇരുസഭകളുമായി ചര്‍ച്ച നടത്തി തുല്യമായ നീതി നടപ്പാക്കുമെന്ന്‌ ശുഭാപ്‌തി വിശ്വാസമുണ്ടെന്നും ശ്രേഷ്‌ഠ ബാവ പറഞ്ഞു.

 

കോടതിയും സര്‍ക്കാരും ഇടപെട്ട്‌ കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിനു ഭരണം കൈമാറണമെന്നു കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്ത പറഞ്ഞു.

 

പ്രശ്‌ന പരിഹാരത്തിനു വിട്ടുവീഴ്‌ചകള്‍ക്കു തയാറാണെന്ന്‌ അറിയിച്ച ശ്രേഷ്‌ഠ ബാവ, ഇടവക പള്ളികള്‍ ഇടകവകക്കാരുടേതാണെന്ന സുപ്രീം കോടതി വിധി ഓര്‍ത്തഡോക്‌സ്സഭ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.

 

കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, സഭാ ട്രസ്‌റ്റി ജോര്‍ജ്‌ മാത്യു തെക്കേതലയ്‌ക്കല്‍, സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടു കഴിഞ്ഞ 20 ദിവസമായി നിലനിന്ന അനിശ്‌ചിതാവസ്‌ഥയ്‌ക്ക് കോടതി ഇടപെടലോടെ പരിഹാരമുണ്ടായിരിക്കുകയാണ്‌. ശ്രേഷ്‌ഠ ബാവ ഒക്‌ടോബര്‍ 3 മുതല്‍ ഉപവാസമാരംഭിച്ച്‌ ശക്‌തമായ പ്രതിഷേധവുമായി രംഗത്തുവരാനിരിക്കെയാണ്‌ ഇന്നലെ ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായതും ഉപവാസം പിന്‍വലിച്ചതും. ജില്ലാ കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ കഴിഞ്ഞ 10നു കോലഞ്ചേരി കുരിശിന്‍ തൊട്ടിയില്‍ ഉപവാസമിരിക്കുകയായിരുന്നു.

 

തുടര്‍ന്ന്‌ ശ്രേഷ്‌ഠ ബാവയും പ്രാര്‍ഥനായജ്‌ഞം ആരംഭിച്ചു. കഴിഞ്ഞ 18ന്‌ മുഖ്യമന്ത്രിയുടെ ഉറപ്പിനെതുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്സഭ ഉപവാസം അവസാനിപ്പിച്ചെങ്കിലും യാക്കോബായ സഭ പ്രാര്‍ഥനാ യജ്‌ഞം തുടരുകയായിരുന്നു.

 

Be the first to comment on "ശ്രേഷ്‌ഠബാവ പ്രാര്‍ഥനാ യജ്‌ഞം അവസാനിപ്പിച്ചു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.