സഭാക്കേസില്‍ വിധി അനുകൂലമാക്കിയത്‌ തന്റെ ക്ലാസെന്നു ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കാലംചെയ്‌ത ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌

മലങ്കര സഭാക്കേസില്‍ 1958 ലുണ്ടായ സുപ്രീംകോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ അനുകൂലമാക്കി മാറ്റിയെടുത്തതു താന്‍ ജഡ്‌ജിക്കു നല്‍കിയ ക്ലാസിന്റെ ഫലമാണെന്നു മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തല്‍.

 

ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കാലംചെയ്‌ത ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌ ഇക്കാര്യം പിന്നീട്‌ വെളിപ്പെടുത്തിയിരുന്നതായി ഫാ. ഫിലിപ്പോസ്‌ ഫിലിപ്പ്‌ തേവര്‍കാട്ടില്‍ എഴുതിയ ‘ദൈവകൃപയില്‍ കടഞ്ഞെടുത്ത വ്യക്‌തിത്വം’ എന്ന പുസ്‌തകത്തില്‍ പറയുന്നു. ജോര്‍ജ്‌ തഴക്കരയുമായി മെത്രാപ്പോലീത്ത നടത്തിയ അഭിമുഖത്തിലാണ്‌ ഈ പരാമര്‍ശം. സഭാക്കേസ്‌ സുപ്രീം കോടതിയില്‍ എത്തിയ കാലത്ത്‌ മാര്‍ മക്കാറിയോസ്‌ ഡല്‍ഹിയില്‍ വൈദികനായിരുന്നു. ‘ഒരു ദിവസം തോമസച്ചന്‍ സായാഹ്നഹ്ന സവാരിക്കിറങ്ങി. കൈവശം കുടയുണ്ടായിരുന്നില്ല. മഴ പെയ്‌തപ്പോള്‍ അടുത്തു കണ്ട വീട്ടിലേക്ക്‌ ഓടിക്കയറി. ഗൃഹനായിക ഇറങ്ങിവന്ന്‌ പരിചയപ്പെട്ട്‌ ഉപചാരപൂര്‍വം സ്വീകരിച്ചു.

 

താന്‍ കയറാനിടയായത്‌ സുപ്രീംകോടതി ജഡ്‌ജിയുടെ വീട്ടിലാണെന്ന്‌ സംസാരമധ്യേ ഗൃഹനായികയില്‍നിന്ന്‌ അച്ചനു മനസിലായി. ജഡ്‌ജി ആ സമയം വീട്ടിലുണ്ടായിരുന്നില്ല. അച്ചന്റെ സംസാരത്തില്‍ ആകൃഷ്‌ടയായ ഗൃഹനാഥ പിറ്റേദിവസം ജഡ്‌ജി വീട്ടിലുണ്ടാവുമെന്നും അന്നു വന്നാല്‍ അദ്ദേഹവുമായി കൂടുതല്‍ പരിചയപ്പെടാമെന്നും പറഞ്ഞ്‌ അച്ചനെ യാത്ര അയച്ചു. പറഞ്ഞ പ്രകാരം തോമസച്ചന്‍ പിറ്റേ ദിവസവും ജഡ്‌ജിയുടെ വീട്ടില്‍ എത്തി. അച്ചന്റെ സരസമായ സംഭാഷണം ജഡ്‌ജിക്കും നന്നായി ഇഷ്‌ടപ്പെട്ടു. അച്ചന്റെ വീട്ടുകാരെപ്പറ്റിയും സഭയെപ്പറ്റിയും ഡല്‍ഹി ഇടവകയെപ്പറ്റിയും എല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു.

 

എന്തോ മനസില്‍ തട്ടിയെന്നപോലെ ജഡ്‌ജി ചോദിച്ചു. ‘ഫാദര്‍, നിങ്ങളുടേതാണോ എന്ന്‌ എനിക്കറിഞ്ഞുകൂടാ ഒരു കേരള സഭാക്കേസ്‌ എന്റെ ചേംബറില്‍ എത്തിയിട്ടുണ്ട്‌. ഫാ. തോമസിന്റെ ഉള്ളില്‍ ഒരു ചിരിപൊട്ടി. തേടിയവള്ളി കാലില്‍ തന്നെ ചുറ്റിയിരിക്കുന്നു. ‘അതേ അതു ഞങ്ങളുടെ സഭയുടെ കേസ്‌തന്നെ’ പിന്നീടുള്ള സംസാരം, ചോദ്യങ്ങള്‍, പ്രതിചോദ്യങ്ങള്‍, വിശദീകരണങ്ങള്‍, വ്യാഖ്യാനങ്ങള്‍ എല്ലാം മലങ്കരസഭയുടെ ഗതിമാറ്റിയെടുത്ത നിമിഷങ്ങളായി മാറുമെന്ന്‌ അന്നു വിചാരിച്ചില്ലെ’ ന്നും പറഞ്ഞാണ്‌ ഭാഗം അവസാനിപ്പിക്കുന്നത്‌.

Be the first to comment on "സഭാക്കേസില്‍ വിധി അനുകൂലമാക്കിയത്‌ തന്റെ ക്ലാസെന്നു ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കാലംചെയ്‌ത ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.