ദൈവവചനം ഉള്‍ക്കൊണ്ട്‌ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം: ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌

 

ദൈവവചനം ഉള്‍ക്കൊണ്ട്‌ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ വിശ്വാസികള്‍ക്ക്‌ കഴിയണമെന്ന്‌ വൈദിക സെമിനാരി റെസിഡന്റ്‌ മെത്രാപോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ പറഞ്ഞു. യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍കുരിശില്‍ നടക്കുന്ന 23-ാമത്‌ അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ മൂന്നാം ദിവസം മുഖ്യപ്രസംഗം നടത്തുകയായിരുന്നു മെത്രാപോലീത്ത. ദൈവവചനത്തെ വളച്ചൊടിക്കുന്ന കാലഘത്തിലൂടെയാണ്‌ കടന്നുപോകു മ്പോള്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവാകുന്ന അഗ്നിയാണ്‌ മനുഷ്യനില്‍ വേണ്ടതെന്ന്‌ അദേഹം പറഞ്ഞു. അപ്പോസ്‌തോലികമായ വിശ്വാസ സത്യങ്ങള്‍ മറന്ന്‌ അന്യന്‍ അഗ്നി സ്വീകരിച്ചാല്‍ ആപത്തിലേക്കായിരിക്കും നയിക്കുന്നത്‌. മാറ്റപ്പെടുന്ന വിശ്വാസം വ്യതിചലനമാണ്‌, ജീവിതത്തില്‍ ഭയത്തിന്റെ സാഹചര്യം ഉണ്ടാകുമ്പോള്‍ ദൈവത്തില്‍ അഭയപ്പെട്ടാല്‍ ഭയം അകലുമെന്നും മോര്‍ തെയോഫിലോസ്‌ ആഹ്വാനം ചെയ്‌തു. ഭയപ്പാടുകളുടെ മധ്യത്തില്‍ ശക്‌തിപ്പെടുത്തുന്ന ദൈവം സമൂഹത്തില്‍ ഉണ്ടെന്ന്‌ മുംബൈ ഭദ്രാസന സഹായ മെത്രാപോലീത്ത തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌ ആമുഖ പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. കഷ്‌ടപ്പാടുകളുടെ നടുവില്‍ പ്രത്യാശയുടെ അനുഭവം മനുഷ്യന്‌ ലഭിക്കുമെന്നും, യഥാര്‍ഥ വിശ്വാസത്തോടെ യേശുവിനെ സമീപിച്ചാല്‍ ജീവിതത്തിലെ ദുരിതങ്ങള്‍ അകലുമെന്നും മെത്രാപോലീത്ത വിശ്വാസ സമൂഹത്തെ ഓര്‍മിപ്പിച്ചു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ, മെത്രാപോലീത്തമാരായ ഡോ. എബ്രാഹാം മോര്‍ സേവേറിയോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌, കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, ജോര്‍ജ്‌ മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ സംബന്ധിച്ചു. ലിവിംഗ്‌ മെലഡീസ്‌ ഗാനശുശ്രൂഷ നിര്‍വഹിച്ചു. നാലാം ദിവസമായ ഇന്ന്‌ രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ്‌ 2 വരെ ധ്യാനയോഗം നടക്കും. വൈകിട്ട്‌ 6ന്‌ തുടങ്ങുന്ന സുവിശേഷ യോഗത്തില്‍ ഡോ. തോമസ്‌ മോര്‍ തീമോത്തിയോസ്‌ മെത്രാപോലീത്ത ആമുഖ പ്രസംഗവും ഡോ. മാത്യൂസ്‌ മോര്‍ അപ്രേം മെത്രാപോലീത്ത മുഖ്യപ്രസംഗവും നടത്തും.

Be the first to comment on "ദൈവവചനം ഉള്‍ക്കൊണ്ട്‌ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം: ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.