ആരുമായും ലയിക്കാനില്ല: ബിലീവേഴ്‌സ് ചര്‍ച്ച്‌

 

പത്തനംതിട്ട: മറ്റൊരു ക്രൈസ്‌തവസഭയുമായും ലയിക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ച്‌ തയാറല്ലെന്ന്‌ സഭയുടെ പരമാധ്യക്ഷന്‍ ഡോ. കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്ത. യാക്കോബായ സഭയുമായി ബിലീവേഴ്‌സ് ചര്‍ച്ച്‌ ലയിക്കാന്‍ പോകുന്നതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. അതില്‍ യാതൊരു വാസ്‌തവുമില്ല. യാക്കോബായ സഭയ്‌ക്കുളളിലുണ്ടായ ചില ആഭ്യന്തര പ്രശ്‌നങ്ങളാണ്‌ ഇത്തരമൊരു പ്രചാരണത്തിന്‌ പിന്നില്‍ എന്നാണ്‌ മനസിലാക്കുവാന്‍ സാധിച്ചിട്ടുളളത്‌.

യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ശ്രേഷ്‌ഠ കാതോലിക്കാബാവ ബസേലിയോസ്‌ തോമസ്‌ പ്രഥമനുമായി ബിലീവേഴ്‌സ് ചര്‍ച്ച്‌ എന്നും നല്ല ബന്ധമാണ്‌ പുലര്‍ത്തിപ്പോരുന്നത്‌. ഈ സൗഹൃദത്തിന്റെ അടിസ്‌ഥാനത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുമുണ്ട്‌. യാക്കോബായ സഭയുമായി മാത്രമല്ല മറ്റു ക്രൈസ്‌തവ സഭകളുമായുമായും ബിലീവേഴ്‌സ് ചര്‍ച്ച്‌ നല്ലബന്ധമാണ്‌ നിലനിര്‍ത്തുന്നത്‌. ഇത്തരം കൂട്ടായ്‌മകളെ വളച്ചൊടിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരണം നടത്തുന്നത്‌ ഒരു സഭയ്‌ക്കും അതിലെ വിശ്വാസികള്‍ക്കും ഭൂഷണമല്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

മറ്റൊരു സഭയുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഇടപെടുന്ന പതിവ്‌ ബിലീവേഴ്‌സ് ചര്‍ച്ചിനില്ല. ഇനി മേലില്‍ ഉണ്ടാവുകയുമില്ല. ബിലീവേഴ്‌സ് ചര്‍ച്ച്‌ നടത്തുന്ന സാമൂഹിക സേവനങ്ങള്‍ പൊതുജനങ്ങള്‍ അറിഞ്ഞു തുടങ്ങിയതില്‍ വിറളിപൂണ്ട ചിലരാകണം ഇത്തരമൊരു അസത്യം കെട്ടിച്ചമച്ചത്‌. ഇന്ത്യയിലും വിദേശത്തുമുളള പതിനായിരക്കണക്കിന്‌ പാവപ്പെട്ട കുട്ടികള്‍ക്കും കുഷ്‌ഠം പോലെയുളള മാരകരോഗം ബാധിച്ചവര്‍ക്കും സഭ ചെയ്യുന്ന സേവനങ്ങള്‍ പുറംലോകമറിഞ്ഞു തുടങ്ങിയത്‌ ചിലരെയെങ്കിലും അലോസരപ്പെടുത്തിയെന്നു കരുതേണ്ടിയിരിക്കുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

ബിലീവേഴ്‌സ് ചര്‍ച്ചിന്‌ ഇതര ക്രൈസ്‌തവ സഭകളുമായി എക്യുമെനിക്കല്‍ ബന്ധവുംഎപ്പിസ്‌കോപ്പല്‍ സഭകളുമായി കൂട്ടായ്‌മയും സഹകരണവും സൗഹാര്‍ദവുമുണ്ട്‌.

ബിഷപ്‌സ് കൗണ്‍സിലോ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലോ മറ്റ്‌ ഏതെങ്കിലും സഭയിലേക്ക്‌ ബിലീവേഴ്‌സ് ചര്‍ച്ച്‌ ലയിക്കുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുകയോ തീരുമാനം എടുക്കുകയോ ചെയ്‌തിട്ടില്ല. ബിലീവേഴ്‌സ് ചര്‍ച്ചിന്‌ അതിന്റേതായ വ്യക്‌തിത്വവും ഭരണസംവിധാനവും പ്രത്യേകതകളുമാണുളളത്‌.

ആഗോളക്രൈസ്‌തവ സഭയുടെ ഭാഗമായി അപ്പോസ്‌തോലിക പൈതൃകത്തില്‍സഭ അടിസ്‌ഥാനവും കെട്ടുറപ്പും ഉളളതാണ്‌.

അപ്പോള്‍ പിന്നെ മറ്റൊരു സഭയുടെ ഭാഗമാകേണ്ട കാര്യമില്ലെന്നും വിശ്വാസികള്‍ ഈ അസത്യ പ്രചരണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കെ.പി. യോഹന്നാന്‍ അറിയിച്ചു.

Be the first to comment on "ആരുമായും ലയിക്കാനില്ല: ബിലീവേഴ്‌സ് ചര്‍ച്ച്‌"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.