തൃക്കുന്നത്ത് പള്ളി ഇരുവിഭാഗങ്ങള്‍ക്കും പ്രത്യേകം സമയം അനുവദിക്കാന്‍ കളക്ടര്‍ തീരുമാനിച്ചു

 

ആലുവ: തൃക്കുന്നത്ത് പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പിതാക്കന്‍മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് പ്രത്യേകം സമയം അനുവദിക്കാന്‍ കളക്ടര്‍ തീരുമാനിച്ചു. രാവിലെ ഏഴ് മുതല്‍ പതിനൊന്ന് വരെ ഓര്‍ത്തഡോക്‌സ് വിഭാഗവും ഉച്ചയ്ക്ക് ഒന്നു മുതല്‍ അഞ്ച് വരെ യാക്കോബായ വിഭാഗവും പള്ളിയില്‍ ആരാധന നടത്തും. വെള്ളി, ശനി ദിവസമാണ് തൃക്കുന്നത്ത് പള്ളി ആരാധനയ്ക്കായി തുറക്കുന്നത്. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ 2008 മുതല്‍ ഓര്‍മ്മപ്പെരുന്നാള്‍ കാലയളവില്‍ ഇരുവിഭാഗങ്ങള്‍ക്കും ആരാധനയ്ക്കായി പ്രത്യേകം സമയം അനുവദിച്ചു നല്‍കിവരുന്നുണ്ട്. ഈ ദിവസങ്ങളില്‍ 10 പേരില്‍ കൂടുതല്‍ ഒരേ സമയം ആരാധനയ്ക്കായി പള്ളിയില്‍ കയറാന്‍ അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച തീരുമാനങ്ങളില്‍ യാതൊരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തിങ്കളാഴ്ച കളക്ടര്‍ പി.ഐ. ഷേയ്ക്ക് പരീതിന്റെ ക്യാമ്പ് ഓഫീസില്‍ ഇരുകൂട്ടരേയും വിളിച്ച് ഒരുമിച്ച് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ കളക്ടറെ പ്രത്യേകം സന്ദര്‍ശിക്കുകയാണുണ്ടായത്. കഴിഞ്ഞ കൊല്ലം കളക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങളെല്ലാം യാക്കോബായ വിഭാഗക്കാര്‍ അട്ടിമറിച്ചുവെന്നാരോപിച്ചാണ് ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചയ്‌ക്കെത്താതിരുന്നത്. അതേസമയം തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് പൂര്‍ണമായ ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്ന് യാക്കോബായ വിഭാഗക്കാര്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സമയങ്ങളില്‍ നിയന്ത്രണം പാടില്ലെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കാനും യാക്കോബായ വിഭാഗക്കാര്‍ തീരുമാനച്ചിട്ടുണ്ട്.

 

 

Be the first to comment on "തൃക്കുന്നത്ത് പള്ളി ഇരുവിഭാഗങ്ങള്‍ക്കും പ്രത്യേകം സമയം അനുവദിക്കാന്‍ കളക്ടര്‍ തീരുമാനിച്ചു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.