സഭാതര്‍ക്കം: വെള്ളാപ്പള്ളിയുടെ സമവായം അംഗീകരിക്കാമെന്ന് യാക്കോബായ സഭ

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍ദേശിക്കുന്ന സമവായത്തിലൂടെ സഭാതര്‍ക്കം പരിഹരിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ സഭ. ജനഹിതം മാനിച്ച് ഇരുസഭകളും തമ്മിലുള്ള തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് വെള്ളാപ്പള്ളി. സഭാതര്‍ക്കത്തില്‍ ഇടപെടണമെന്ന ആവശ്യമായി ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ പ്രതിനിധിസംഘം വ്യാഴാഴ്ച വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലുള്ള വീട്ടിലെത്തി ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച യാക്കോബായ സഭാപ്രതിനിധികളാണ് വെള്ളാപ്പള്ളിയുടെ ഒത്തുതീര്‍പ്പ് അംഗീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. സംസ്ഥാനത്തെ വിവിധ സഭകളും സമുദായ സംഘടനകളും ധാര്‍മികത മുന്‍നിര്‍ത്തി ഒരുമിച്ച് നീങ്ങണമെന്ന് യാക്കോബായ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി നടേശന്റെ നിലപാടാണ് യാക്കോബായ സഭയ്ക്ക് ഉള്ളതെന്നും പ്രതിനിധികള്‍ പറഞ്ഞു.  എസ്.എന്‍.ഡി.പി.-എന്‍.എസ്.എസ്. ഐക്യത്തിന് യാക്കോബായ സഭയുടെ പിന്തുണ ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏത് സമുദായത്തിന്‍േറതാണെങ്കിലും ആരാധനാലയങ്ങള്‍ പൂട്ടിക്കിടക്കുന്നത് ആ ദേശത്തിന് ശാപവും നാശവുമായിത്തീരുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നോമ്പുകാലത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൂട്ടിക്കിടക്കുന്നത് അംഗീകരിക്കാന്‍ ആര്‍ക്കും പറ്റില്ല. ആരാധനാസ്വാതന്ത്ര്യം മൗലികാവകാശമായ നാട്ടില്‍ പള്ളികള്‍ പൂട്ടിക്കിടക്കുന്നത് അവകാശലംഘനമാണ്. സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാത്തത് ജനാധിപത്യരാഷ്ട്രത്തിലെ ഭരണാധികാരികള്‍ക്ക് ഭൂഷണമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മെത്രാപ്പോലീത്താമാരായ കുരിയാക്കോസ് മാര്‍ യൗസേബിയോസ്, ഏലിയാസ് മാര്‍ അത്താനാസിയോസ്, മാത്യൂസ് മാര്‍ അന്തീമോസ്, യാക്കോബായസഭാ ട്രസ്റ്റിതമ്പു ജോര്‍ജ് തുകലന്‍, പ്രൊഫ. എം.എ.പൗലോസ്, വൈദികരായ റിജോ നിരപ്പുകണ്ടം, വര്‍ഗീസ് തെക്കേക്കര, ഷാനു കല്ലുങ്കല്‍, ഡിക്കന്‍ എബിന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

Be the first to comment on "സഭാതര്‍ക്കം: വെള്ളാപ്പള്ളിയുടെ സമവായം അംഗീകരിക്കാമെന്ന് യാക്കോബായ സഭ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.