സർക്കാരിനെതിരെ യാക്കോബായ സഭ, നാളെ ഉപവാസം

 

 

തിരുവനന്തപുരം : സഭാ തർക്കത്തിൽ സംസ്ഥാന സർക്കാർ ഓർത്തഡോക്സ് സഭയെ സഹായിക്കുന്നതായി യാക്കോബായ സുറിയാനി സഭ ആരോപിച്ചു. സർക്കാരിന്റെ നീതി നിഷേധത്തിനെതിരെ നാളെ സഭാ മേധാവി ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ മെത്രാപ്പോലിത്തമാരും വൈദികരും സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും.

 

യു. ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം തങ്ങളുടെ 9 പളളികളിൽ ആരാധന ന‌ടത്താൻ കഴിയാത്ത അവസ്ഥ സൃഷ്‌ടിച്ചിരിക്കുകയാണ്. ഇതോടെ അടച്ചിട്ട പളളികളുടെ എണ്ണം 20 ആയെന്ന് തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത ഏലിയാസ് മാർ അത്താനോസ്യേസ് പത്രസമ്മേളനത്തിൽ പറഞ്ഞു. കോടതി വിധികൾ അനുകൂലമായിട്ടും മെത്രാൻ കക്ഷികൾ തങ്ങളുടെ ദേവാലയങ്ങളും സ്വത്തുക്കളും കവർന്നെടുക്കാൻ ശ്രമിക്കുകയാണെന്നും സംസ്ഥാന സർക്കാർ അതിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ കോടതിവിധി മുഖവിലക്കെടുക്കുന്നില്ല. പളളികൾ പൂട്ടിക്കാനും സമരം നടത്താനും മെത്രാൻ കക്ഷികൾക്ക് സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുകയാണ്. ക്രിസ്ത്യാനിയായ മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ മെത്രാപ്പോലീത്തമാരെപ്പോലും ദേഹ പരിശോധനക്ക് വിധേയമാക്കിയത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളല്ലാത്ത രണ്ടു മന്ത്രിമാരാണ് ഓർത്തഡോക്സ് സഭയുടെ സമ്മർദ്ദത്തിന് വഴങ്ങി തങ്ങൾക്കെതിരെ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ഇരുവശവും കോടതിയെ സമീപിക്കാത്തപ്പോൾ സർക്കാർ ഏകപക്ഷീയമായി കോടതിയെ സമീപിച്ചത് ശരിയായില്ല. പഴന്തോട്ടം പളളിയിൽ യാക്കോബായ സഭയ്ക്ക് കോടതി വിധിയിലൂടെ പൂർണ അവകാശം ലഭിച്ചുവെങ്കിലും എതിർകക്ഷികൾക്ക് തുല്യ അവകാശം വാങ്ങിക്കൊടുക്കുകയാണ് സർക്കാർ ചെയ്തത്. കാലുമാറിയ വൈദികരെ സർക്കാർ സംരക്ഷിക്കുകയാണ്. മാമലശ്ശേരിയിൽ 264 ദിവസം ആരാധന സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവർക്ക് നേരെ കേസെടുത്തു. ഭരണ കക്ഷി എം. എൽ.എ മാർക്ക് പോലും ഉപവാസമിരിക്കേണ്ടി വന്നു.

മെത്രാൻകക്ഷികൾക്ക് താല്പര്യമുളള പൊലീസ് ഉദ്യോഗസ്ഥരെയും റവന്യൂ ഉദ്യോഗസ്ഥരെയും നിയമിച്ച് നിയമലംഘനത്തിന് സഹായിക്കുന്നു. വിദേശത്തും മറ്റും പോകേണ്ട യുവജനങ്ങളെ തിരഞ്ഞുപിടിച്ച് കേസിൽ പെടുത്തുകയാണ്.

സർക്കാരിന്റെ നീതിരഹിത നിലപാടിനെതിരെ ഇന്ന് സഭ പ്രതിഷേധ ദിനമായി ആചരിക്കും. . സർക്കാരിന്റെ ഭാഗത്ത് നിന്ന് നീതി പൂർവമായ സമീപനം ഉണ്ടായില്ലെങ്കിൽ കോട്ടയത്ത് ദേശീയ തലത്തിലുളള വിശ്വാസികളുടെ സമ്മേളനം നടത്തുമെന്നും മാർ അത്താനോസ്യേസ് പറഞ്ഞു. വികാരിമാരായ ഫാ.റെജി മാത്യം, വിൽസൺ ഫിലിപ്പ്, സഭാ വർക്കിങ്ങ് കമമിറ്റി അംഗങ്ങളായ കമാണ്ടർ കെ.ജെ.വർക്കി, സി.എം.കുര്യൻ, റെജി.സി.വർക്കി, റെജി അബ്രഹാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

 

 

 

Be the first to comment on "സർക്കാരിനെതിരെ യാക്കോബായ സഭ, നാളെ ഉപവാസം"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.