പള്ളിത്തര്‍ക്കം: മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ടുപക്ഷത്ത്‌

കോലഞ്ചേരി പള്ളിതര്‍ക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും രണ്ടുപക്ഷം.

ഒരു വിഭാഗത്തിനുമാത്രമായി പള്ളി പതിച്ചുകൊടുക്കാന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്നു ഉമ്മന്‍ ചാണ്ടി പ്രതികരിച്ചപ്പോള്‍ കോടതി വിഷയമായതിനാല്‍ പ്രശ്‌നം നിയമപരമായി കൈകാര്യം ചെയ്ുയമെന്നായിരുന്നു തിരുവഞ്ചൂര്‍ ഇന്നലെ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞത്‌.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ മറ്റൊന്നും ചെയ്യാനില്ലെന്ന നിലപാടാണ്‌ ആഭ്യന്തരമന്ത്രിക്കെങ്കില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന ശുഭാപ്‌തി വിശ്വാസമാണ്‌ മുഖ്യമന്ത്രി പ്രകടിപ്പിച്ചത്‌.

നിയമപ്രകാരം പ്രശ്‌നം തീര്‍ക്കണമെന്നു പറയുമ്പോള്‍ നിരവധി കോടതി വിധികള്‍ തങ്ങള്‍ക്കും അനുകൂലമായുണ്ടെന്നും അവയൊന്നും നടപ്പാക്കാന്‍ സര്‍ക്കാര്‍ പോലീസ്‌ സംരക്ഷണം നല്‍കുന്നില്ലെന്നുമാണ്‌ യാക്കോബായ സഭയുടെ പരാതി.

1934 ലെ ഭരണഘടനപ്രകാരം കോലഞ്ചേരി പള്ളി ഭരിക്കപ്പെടണമെന്ന്‌ പറഞ്ഞ ഹൈക്കോടതി തന്നെയാണ്‌ തൃക്കുന്നത്തു പള്ളിക്ക്‌ ഈ ഭരണഘടന ബാധകമല്ലെന്നു വിധിച്ചത്‌. എന്നാല്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം പള്ളി വിട്ടുപോയിട്ടില്ല. പഴന്തോട്ടം, മാന്തളിര്‍ പള്ളികള്‍ 1934 ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടണമെന്ന ഹര്‍ജി കോടതി തള്ളിയിട്ടും ഓര്‍ത്തഡോക്‌സ്‌ പക്ഷം തങ്ങളുടെ വീതം ഉപേക്ഷിച്ചിട്ടില്ല. കടമറ്റം പള്ളിയോടുചേര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി നിര്‍മിക്കുന്നത്‌ കോടതി തടഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാക്കി. പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കാത്ത സര്‍ക്കാരിനും പോലീസിനും കോലഞ്ചേരി പള്ളിക്കാര്യത്തില്‍ അമിത താല്‍പര്യമാണെന്ന്‌ യാക്കോബായ വിഭാഗം ആരോപിക്കുന്നു.

കഴിഞ്ഞ 40 വര്‍ഷമായി പള്ളിയില്‍ പൊതുയോഗം വിളിച്ചിട്ടില്ല. അന്നുമുതലുള്ള സ്‌ഥാനികള്‍ തല്‍സ്‌ഥാനത്ത്‌ തുടരുകയാണ്‌. മെഡിക്കല്‍ കോളജ്‌, എയ്‌ഡഡ്‌ കോളജ്‌, ബിഎഡ്‌ കോളജ്‌, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ടി.ടി.സി തുടങ്ങി നിരവധി സ്‌ഥാപനങ്ങളും ഏക്കര്‍ കണക്കിന്‌ ഭൂസ്വത്തും ചാപ്പലും കുരിശുംതൊട്ടികളും പള്ളിക്കുണ്ട്‌. ഉദ്ദേശം 2000 കോടി രൂപയുടെ സ്വത്ത്‌!

ഇത്രയും കാലമായിട്ടും പൊതുയോഗം വിളിച്ച്‌ കണക്ക്‌ അവതരിപ്പിക്കുകയോ ഓഡിറ്റ്‌ നടത്തുകയോ ചെയ്‌തിട്ടില്ല. നിയമനങ്ങള്‍ എല്ലാം ഒരുകൂട്ടരാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഇടവകയില്‍ മൂന്നില്‍രണ്ട്‌ ഭൂരിപക്ഷമുള്ളതിനാല്‍ പൊതുയോഗം വിളിച്ചാല്‍ ട്രസ്‌റ്റിമാരും കമ്മറ്റിയംഗങ്ങളും സ്വഭാവികമായും യാക്കോബായക്കാരാകും. ഇതൊഴിവാക്കാണ്‌ പള്ളിക്ക്‌ സ്വന്തം ഭരണഘടനയുണ്ടായിട്ടും 1934 ലെ ഭരണഘടനയെന്ന ആശയം ഉയര്‍ത്തിക്കൊണ്ടു വന്നതും ഒടുവില്‍ ഹൈക്കോടതി വിധി അനുകൂലമാകുന്നിടത്ത്‌ കാര്യങ്ങള്‍ എത്തിയതും. 1934 ലെ ഭരണഘടനാ പ്രകാരമായാലും പൊതുയോഗം വിളിക്കണമെന്നാണ്‌ ശ്രേഷ്‌ഠ കാതോലിക്ക ബാവയും ആവശ്യപ്പെടുന്നത്‌. ജനാധിപത്യ മാര്‍ഗത്തിലൂടെ പ്രശ്‌നപരിഹാരത്തിന്‌ നീതിപാലകരും സര്‍ക്കാരും ഓര്‍ത്തഡോക്‌സ്‌ നേതൃത്വവും തയാറാകണമെന്നാണ്‌ യാക്കോബായ സഭ ആവശ്യപ്പെടുന്നത്‌.

Be the first to comment on "പള്ളിത്തര്‍ക്കം: മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ടുപക്ഷത്ത്‌"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.