സര്‍ക്കാര്‍ സഭയുടെ അവകാശങ്ങള്‍ ഹനിക്കുന്നു: യാക്കോബായ സുന്നഹദോസ്‌

സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി യാക്കോബായ സഭയുടെ അവകാശങ്ങളും അധികാരങ്ങളും ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‌ തീറെഴുതിക്കൊടുക്കുകയാണെന്നു യാക്കോബായ സഭാ സുന്നഹദോസ്‌.

ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്‌ സിംഹഭൂരിപക്ഷത്തെ ഒഴിവാക്കി ന്യൂനപക്ഷത്തിന്‌ പള്ളികള്‍ പിടിച്ചുകൊടുക്കുന്നതിന്‌ പകരം കോടതി നിരീക്ഷകന്റെ സാന്നിദ്ധ്യത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ സുന്നഹോദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു.

സുന്നഹദോസ്‌ തീരുമാനം പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കോലഞ്ചേരി പള്ളി പ്രശ്‌നം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ഏകാംഗ കമ്മീഷനെ നിയമിക്കുമെന്ന്‌ മുഖ്യമന്ത്രി രേഖാമൂലം സഭയ്‌ക്ക് ഉറപ്പ്‌ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ബാവായുടെ ജീവന്‍പോലും ത്യജിക്കപ്പെടുന്ന സമരത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നത്‌ സഭക്ക്‌ നോക്കിനില്‍ക്കാന്‍ കഴിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. 80 ശതമാനത്തോളം വരുന്ന വിശ്വാസികളെ പുറത്താക്കി 20 ശതമാനത്തിന്‌ പള്ളിയുടെ നിയന്ത്രണം കൈമാറാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. യാക്കോബായ സഭയ്‌ക്ക് പ്രത്യേക രാഷ്‌ട്രീയ നിലപാടില്ലെങ്കിലും പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ സഭയോടുള്ള സര്‍ക്കാരിന്റെ അവഗണന സഭാ വിശ്വാസികള്‍ക്ക്‌ സര്‍ക്കാരിനെതിരേ ചിന്തിപ്പിക്കാനിടയാക്കിയേക്കുമെന്നും സുന്നഹദോസ്‌ വിലയിരുത്തി.

പ്രാര്‍ഥനാ യജ്‌ഞത്തില്‍ പങ്കെടുക്കുന്ന സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള വിശ്വാസികള്‍ക്കെതിരേ കേസെടുക്കുന്നതിന്‌ പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ച്‌ വരുത്തുന്ന നടപടി ഹീനവും പ്രതിഷേധാര്‍ഹവുമാണെന്ന്‌ സഭാ മീഡിയസെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി.

സഭയുടെ എല്ലാ പള്ളികളിലും ഞായറാഴ്‌ച വിശുദ്ധ കുര്‍ബ്ബാനാനന്തരം ശ്രേഷ്‌ഠ കാതോലിക്കാ ബാവക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ സുന്നഹദോസ്‌ തീരുമാനിച്ചു.

സീനിയര്‍ മെത്രാപ്പോലീത്ത ഡോ. ഏബ്രാഹാം മോര്‍ സേവേറിയോസ്‌ അധ്യക്ഷത വഹിച്ചു. പത്രസമ്മേളനത്തില്‍ മെത്രാപ്പോലീത്തമാരായ തോമസ്‌ മോര്‍ തീമോത്തിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌ എന്നിവര്‍ പങ്കെടുത്തു.

Be the first to comment on "സര്‍ക്കാര്‍ സഭയുടെ അവകാശങ്ങള്‍ ഹനിക്കുന്നു: യാക്കോബായ സുന്നഹദോസ്‌"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.