സുറിയാനി സഭകള്‍ പാത്രിയര്‍ക്കീസിന്റെ കീഴില്‍ വരണം: മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

ഭാരതത്തിലെ സുറിയാനി സഭകള്‍ അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ ആത്മീയ നേതൃത്വത്തിന്‍ കീഴില്‍ വരണമെന്നു മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത.

ഈ സഭകള്‍ക്കെല്ലാം അന്തോഖ്യാ സുറിയാനി സഭയുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട്‌. സുപ്രീം കോടതി വിധി പ്രകാരം ആഗോള സുറിയാനി സഭയുടെ ആത്മീയ മേലധ്യക്ഷനായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവക്കുള്ള മേലധ്യക്ഷസ്‌ഥാനം സുറിയാനി പാരമ്പര്യമുള്ള എല്ലാ സഭകളും നല്‍കണമെന്ന്‌ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

കോലഞ്ചേരിയില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ നടത്തുന്ന ഉപവാസ പ്രാര്‍ത്ഥനാ യജ്‌ഞപ്പന്തലില്‍ ബാവായെ സന്ദര്‍ശിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തിന്‌ പരിഹാരം ഒത്തുതീര്‍പ്പല്ലെന്നും അനുരഞ്‌ജന ചര്‍ച്ചകളാണ്‌ വേണ്ടതെന്നും മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. ഇരുവിഭാഗവും രമ്യതയിലൂടെ തര്‍ക്കപരിഹാരത്തിന്‌ ശ്രമിക്കണം. നിയമത്തിന്റെ നൂലാമാലകളിലൂടെ മാത്രം സഭാ തര്‍ക്കം പരിഹരിക്കാന്‍ കഴിയില്ല. സ്വന്തം ജീവിതത്തിലെ പരിമിതികളെ ഉള്‍ക്കൊണ്ട്‌ തിരുത്തേണ്ടവയെ തിരുത്താനുള്ള മനോഭാവം എല്ലാവരിലും ഉണ്ടാകണം.

അന്യോന്യം ആദരിച്ച്‌ മുന്നോട്ട്‌ പോകാന്‍ ഇരുസഭയും തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഭകള്‍ തമ്മില്‍ എക്യുമെനിക്കല്‍ ബന്ധം ശക്‌തമായ കാലഘട്ടത്തില്‍ ഒരു സഭ മറ്റൊന്നിനെ കീഴ്‌പ്പെടുത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കുകയല്ല, മറിച്ച്‌ സഹകരിച്ചു നീങ്ങുകയാണ്‌ വേണ്ടത്‌. യാക്കോബായ സഭയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ചര്‍ച്ചകള്‍ക്കായി മാര്‍ത്തോമ്മ സഭ മൂന്ന്‌ ബിഷപ്പുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

വൈകാതെ ചര്‍ച്ച ആരംഭിക്കും. യാക്കോബായ സഭയില്‍ നിന്ന്‌ മര്‍ത്തോമ്മ സഭ പിരിഞ്ഞപ്പോള്‍ ചില പള്ളികളില്‍ യാക്കോബായ സഭയുമായി ആരാധനാ സമയം പങ്കുവച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗമാണ്‌ അവിടെ ആ വീതം നടത്തുന്നത്‌. ഈ മാതൃക യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ തര്‍ക്കം പരിഹരിക്കാന്‍ സഹായകമാകണം- മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

Be the first to comment on "സുറിയാനി സഭകള്‍ പാത്രിയര്‍ക്കീസിന്റെ കീഴില്‍ വരണം: മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.