കോലഞ്ചേരി പള്ളിത്തര്‍ക്കം: സമവായ സാധ്യത തെളിഞ്ഞു

 

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ രണ്ടാഴ്‌ചയായി ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനായജ്‌ഞം അവസാനിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞു.

മന്ത്രിസഭാ ഉപസമിതിയുടേയും മുഖ്യമന്ത്രി നിയോഗിച്ച മധ്യസ്‌ഥരുടേയും അഭ്യര്‍ഥന മാനിച്ചും ബാവായുടെ ആരോഗ്യസ്‌ഥിതി മാനിച്ചും പ്രാര്‍ഥനാ യജ്‌ഞത്തിന്റെ സ്വഭാവം മാറ്റുമെന്ന്‌ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ എന്നിവര്‍ അറിയിച്ചു. ഈയാഴ്‌ച ശ്രേഷ്‌ഠ ബാവാ മുഴുവന്‍ സമയം പ്രാര്‍ത്ഥനാ യജ്‌ഞത്തിന്‌ നേതൃത്വം നല്‍കില്ല.

27 ന്‌ മുമ്പ്‌ പള്ളി പ്രശ്‌നത്തില്‍ പരിഹാരം കാണാമെന്ന ഉറപ്പ്‌ മധ്യസ്‌ഥര്‍ മുന്നോട്ട്‌ വച്ചതായാണ്‌ സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മധ്യസ്‌ഥര്‍ പ്രശ്‌ന പരിഹാരത്തിനായി ചോദിച്ച ഒരാഴ്‌ചത്തേക്ക്‌ ബാവയ്‌ക്ക് പകരം മെത്രാപ്പോലീത്തമാര്‍ പ്രാര്‍ഥനാ യജ്‌ഞത്തിന്‌ നേതൃത്വം നല്‍കും. രണ്ടാഴ്‌ച മുമ്പാണ്‌ ശ്രേഷ്‌ഠ ബാവ കോലഞ്ചേരി പള്ളിക്ക്‌ മുമ്പില്‍ പ്രാര്‍ഥനാ യജ്‌ഞം ആരംഭിച്ചത്‌. കോലഞ്ചേരി പള്ളിയില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിനനുകൂലമായുണ്ടായ കോടതി വിധിയെ തുടര്‍ന്ന്‌ യാക്കോബായ വിഭാഗത്തിന്‌ ആരാധനാ സ്വാതന്ത്രം നിഷേധിച്ചിരുന്നു. പ്രാര്‍ത്ഥനാ യജ്‌ഞത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സമൂഹത്തിലെ നിരവധി പ്രമുഖര്‍ എത്തിയിരുന്നു.

യു.ഡി.എഫിലെ പ്രധാന നേതാക്കളും, മന്തിമാരും എം.എല്‍.എമാരും ബാവയെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തുകയും ചെയ്‌തു. പ്രശ്‌ന പരിഹാരത്തിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. സര്‍ക്കാര്‍ മധ്യസ്‌ഥതയ്‌ക്ക് നിയോഗിച്ച കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിയുടേയും ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലും ശ്രേഷ്‌ഠ ബാവായോട്‌ പ്രാര്‍ഥനാ യജ്‌ഞം അവസാനിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ പ്രാര്‍ഥനാ യജ്‌ഞത്തിന്റെ സ്വഭാവം മാറ്റി മധ്യസ്‌ഥരോട്‌ സഹകരിക്കാന്‍ സഭ തീരുമാനിച്ചത്‌.

 

ഇന്നലെ ഓര്‍ത്തഡോക്‌സ്‌ വിഭാഗം പള്ളിയില്‍ കുര്‍ബാന നടത്താന്‍ എത്താതിരുന്നത്‌ മഞ്ഞുരുകലിന്റെ ഭാഗമായി വിലയിരുത്തുന്നു. തുടര്‍ന്ന്‌ യാക്കോബായ വിഭാഗം കോലഞ്ചേരി ചാപ്പലിലും, ഓര്‍ത്തഡോക്‌സ്‌ വിഭാഗം കാതോലിക്കേറ്റ്‌ സെന്ററിലും കുര്‍ബാനയര്‍പ്പിച്ചു.

 

 

 

Be the first to comment on "കോലഞ്ചേരി പള്ളിത്തര്‍ക്കം: സമവായ സാധ്യത തെളിഞ്ഞു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.