ദൈവവചനം പകര്‍ന്നു നല്കാനുള്ള യാത്ര ദൈവത്തിങ്കലേയ്ക്കുള്ള യാത്രയായ്……

 

തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ എത്തിയ ആ വാര്‍ത്ത തിരുവഞ്ചൂര്‍ ഗ്രാമത്തിന് അവിശ്വസനീയമായിരുന്നു. കേട്ടതൊന്നും സത്യമാകരുതേ എന്ന പ്രാര്‍ത്ഥനയോടെ വിവരമറിഞ്ഞ നിരവധിപേര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. വൈകാതെ ആ ദുഃഖസത്യം ഉള്‍ക്കൊള്ളാന്‍ ഗ്രാമം നിര്‍ബന്ധിതമായി.

 

യാക്കോബായ സഭയിലെ യുവ വൈദികനായിരുന്ന ഫാദര്‍ ചെറിയാന്‍ കോട്ടയലിലിന്റെ (46) ആകസ്മിക മരണം സഭയ്ക്ക് മാത്രമല്ല, നാടിനാകെ തീരാനഷ്ടമായി. വൈദിക സെമിനാരി അധ്യാപകനായ ഫാദര്‍ കോട്ടയില്‍ എഴുത്തുകാരനും പ്രമുഖ വചന പ്രഘോഷകനുമാണ്. നിരവധി ക്രിസ്തീയ ഗീതങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിട്ടുണ്ട്. സുറിയാനി മതിപാന്‍ (പ്രഗല്ഭന്‍) എന്ന നിലയില്‍ സഭയിലെ ആരാധനാ ഗീതങ്ങളില്‍ അവസാന വാക്കായിരുന്നു, അച്ചന്‍േറത്.

 

വൈദികവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ഇടവകയിലോ, നാട്ടിലോ, ഏതെങ്കിലും വീട്ടില്‍ വിശേഷമുണ്ടെങ്കില്‍ സമയത്തിന്റെ അതിര്‍വരമ്പുകളില്ലാതെ ഏതു പാതിരാവിലും കയറിച്ചെല്ലുന്ന വ്യക്തിത്വമായിരുന്നു ഫാദര്‍ കോട്ടയിലിന്‍േറത്. ചെറുപ്പം മുതല്‍തന്നെ പള്ളിയിലും സണ്‍ഡേ സ്‌കൂളിലും പ്രാര്‍ത്ഥനായോഗങ്ങളിലും നിറഞ്ഞുനിന്ന സാന്നിദ്ധ്യമായിരുന്നു, ഈ യുവ വൈദികന്‍. മറ്റ് അജപാലകര്‍ക്കും അല്‍മായര്‍ക്കും ഒരുപോലെ പ്രിയങ്കരനുമായിരുന്നു. കുമരകം ആറ്റാമംഗലം പള്ളി, നാലുന്നാക്കല്‍ സെന്റ് ആദായീസ്, വെള്ളൂര്‍ സെന്റ് സൈമണ്‍സ്, നീലിമംഗലം സെന്റ് മേരീസ്, അരീപ്പറമ്പ് സെന്റ് മേരീസ് തുടങ്ങിയ പള്ളികളില്‍ വൈദികനായിരുന്നു. കോട്ടയം ഭദ്രാസനം മുന്‍ മെത്രാന്‍ പെരുമ്പള്ളി മോര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ സെക്രട്ടറിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

വൈദിക വേലയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച കോട്ടയിലച്ചന്റെ ദൈവവചനം പകര്‍ന്നു നല്കാനുള്ള യാത്ര ദൈവത്തിങ്കലേയ്ക്കുള്ള യാത്രയായതും ദൈവനിയോഗം പോലെ….

 

 

Be the first to comment on "ദൈവവചനം പകര്‍ന്നു നല്കാനുള്ള യാത്ര ദൈവത്തിങ്കലേയ്ക്കുള്ള യാത്രയായ്……"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.