വ്രതശുദ്ധിയോടെ മഞ്ഞനിക്കര തീര്‍ത്ഥയാത്രക്കു തുടക്കം

 

ഭക്‌തിസാന്ദ്രമായ മഞ്ഞനിക്കര തീര്‍ത്ഥയാത്രക്കു വ്രതശുദ്ധിയോടെ ഭക്‌തിസാന്ദ്രമായ തുടക്കം. നാടിന്റെ നാനാദിക്കുകളില്‍ നിന്നും അനേകായിരങ്ങള്‍ നോമ്പും പ്രാര്‍ത്ഥനയുമായി പരി. ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ കബറിങ്കലേക്കാണ്‌ വിശ്വാസികള്‍ കാല്‍നടയായി നീങ്ങുന്നത്‌. രാവുംപകലും തരംതിരിവില്ലാതെ അഞ്ചു ദിവസത്തെ യാത്ര അനേകര്‍ക്കു വഴിപാടാണ്‌.

 

രണ്ടാം മഞ്ഞനിക്കരയെന്നറിയപ്പെടുന്ന ചെറിയ വാപ്പാലശേരി മോര്‍ ഇഗ്നാത്തിയോസ്‌ യാക്കോബായ പള്ളിയില്‍ നിന്നും വടക്കന്‍ മേഖല തീര്‍ത്ഥയാത്ര ആരംഭിച്ചു. മീനങ്ങാടിയില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടകര്‍ ഞായറാഴ്‌ച രാത്രി ഇവിടെയെത്തി. പാത്രിയര്‍ക്കാ പതാക അകപ്പറമ്പ്‌ പള്ളിയുടെ ആറസെന്റ്‌ കോളനിയിലുള്ള കുരിശിന്‍ തൊട്ടിയില്‍ നിന്നും, സ്ലീബ മേയ്‌ക്കാട്‌ മാര്‍ ഇഗ്നാത്തിയോസ്‌ ചാപ്പലില്‍ നിന്നും ആഘോഷ പൂര്‍വം എത്തിച്ചു. ചെറിയ വാപ്പാലശേരി പള്ളിയില്‍ ഏലിയാസ്‌ തൃതീയന്‍ ബാവയുടെ തീരുശേഷിപ്പ്‌ സ്‌ഥാപിച്ചിട്ടുള്ള കബറിങ്കലെ കെടാവിളക്കില്‍ നിന്നും കൊളുത്തിയ ദീപശീഖ ഏലിയാസ്‌ മോര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത കൈമാറി.

 

സ്‌കറിയ ആലുക്കല്‍ റമ്പാന്‍, ടൈറ്റസ്‌ വര്‍ഗീസ്‌ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ്‌ അരീക്കല്‍, ഫാ. ഇട്ടൂപ്പ്‌ ആലുക്കല്‍, ഫാ. പൗലോസ്‌ അറയ്‌ക്കപറമ്പില്‍, സി.വൈ. വര്‍ഗീസ്‌, ജോസ്‌ പി. വര്‍ഗീസ്‌, സാലു പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ യാത്ര ആരംഭിച്ചത്‌. ദേശീയ പാത വഴി നീങ്ങിയ തീര്‍ത്ഥയാത്രക്ക്‌ അങ്കമാലി സെന്റ്‌ മേരീസ്‌ പള്ളിയില്‍ ഫാ. വര്‍ഗീസ്‌ തൈപറമ്പിലിന്റെ നേതൃത്വത്തില്‍ വരവേല്‍പ്പ്‌ നല്‍കി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ താണ്ടു വര്‍ഗീസ്‌ ഹൈവേ ജംഗ്‌ഷനില്‍ ഹാരാര്‍പ്പണം നടത്തി. എം.സി റോഡില്‍ മരോട്ടിച്ചോട്‌, മറ്റൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളി, കാലടി വല്ലംകവല, പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കൊ പള്ളി എന്നിവിടങ്ങളില്‍ സ്വീകരണത്തിന്‌ ഫാ.മാത്യു അരീക്കല്‍, ഫാ. വര്‍ഗീസ്‌ തെക്കേക്കര എന്നിവര്‍ നേതൃത്വം നല്‍കി. പാറേത്തുമുകള്‍ പള്ളിയില്‍ അത്താഴം കഴിച്ചശേഷമാണ്‌ തീര്‍ത്ഥാടകര്‍ തുടര്‍യാത്ര ആരംഭിച്ചത്‌.

 

മാര്‍ഗമധ്യേ 600 ഓളം പളളികളില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥാടക സംഘങ്ങള്‍ ഇതോടൊപ്പം ചേരും. മൂവാറ്റുപുഴ, മാറാടി, കൂത്താട്ടുകുളം, കുറവിലങ്ങാട്‌, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ആറന്മുള, പത്തനംതിട്ട, ഓമല്ലൂര്‍ വഴി 12ന്‌ വൈകിട്ടു തീര്‍ത്ഥയാത്ര മഞ്ഞനിക്കരയിലെത്തും. ശ്രേഷ്‌ഠ കാതോലിക്ക ബാവയും പരി. പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രതിനിധിയുള്‍പ്പെടെയുള്ള മെത്രാപ്പോലീത്തമാരും ചേര്‍ന്ന്‌ തീര്‍ത്ഥാടകരെ സ്വീകരിച്ച്‌ ആനയിക്കും.

 

13ന്‌ പരി.ഏല്യാസ്‌ തൃതീയന്‍ ബാവയുടെ 78-ാം ശ്രാദ്ധപെരുന്നാളില്‍ സംബന്ധിച്ചായിരിക്കും തീര്‍ത്ഥാടകര്‍ തിരിച്ചുപോരുന്നത്‌.

 

Be the first to comment on "വ്രതശുദ്ധിയോടെ മഞ്ഞനിക്കര തീര്‍ത്ഥയാത്രക്കു തുടക്കം"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.