അന്തോഖ്യ അധിപതിയുടെ അനുഗ്രഹം തേടി പതിനായിരങ്ങള്‍ മഞ്ഞനിക്കരയില്‍

 

ഏലിയാസ്‌ തൃതീയന്‍ ബാവയുടെ കബറിടം ലക്ഷ്യമാക്കി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും അനുഗ്രഹം തേടി വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വം എത്തിച്ചേര്‍ന്നു.

 

‘അന്ത്യോഖ്യായുടെ അധിപതിയേ പ്രാര്‍ഥിക്കണമേ ഞങ്ങള്‍ക്കായി’ എന്നുളള പ്രാര്‍ഥനാമന്ത്രവും ഉരുവിട്ടാണ്‌ വിശ്വാസികള്‍ എത്തിയത്‌. വ്യാഴാഴ്‌ച രാത്രി മുതല്‍ മഞ്ഞനിക്കരയില്‍ തീര്‍ഥാടകരുടെ തിരക്കായിരുന്നു. ഇന്നലെ അവധി ദിനമായിരുന്നതിനാല്‍ മുന്‍വര്‍ഷത്തിലേക്കാള്‍ തിരക്ക്‌ അനുഭവപ്പെട്ടു.

 ഉച്ചയ്‌ക്ക് 12 മണിയോടെ വിവിധ സ്‌ഥലങ്ങളില്‍ നിന്നും പുറപ്പെട്ട കാല്‍നട തീര്‍ഥാടക സംഘങ്ങള്‍ കബറിങ്കലെത്തി. മുംബൈയില്‍ നിന്നുമുളള സംഘം തിരുവല്ലയില്‍ ട്രെയിനിറങ്ങി അവിടെ നിന്നും നടന്നാണെത്തിയത്‌.

 

ഉച്ചയ്‌ക്ക് 2.30 ന്‌ ഓമല്ലൂര്‍ കുരിശിങ്കല്‍ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ദയറായില്‍ നിന്നും സ്‌തേഫാനോസ്‌ പളളിയില്‍ നിന്നും വിശ്വാസികളും വൈദികരും കുരിശിങ്കല്‍ എത്തിയിരുന്നു. കട്ടപ്പന, ഇടുക്കി, കുമളി, മുണ്ടക്കയം, റാന്നി, ഭാഗത്തു നിന്നുമുളള കിഴക്കന്‍മേഖല തീര്‍ഥാടകരും അടൂര്‍, കുണ്ടറ ഭാഗത്തു നിന്നുമുളള തെക്കന്‍മേഖല തീര്‍ഥാടകരും തുമ്പമണ്‍ ഭദ്രാസനത്തിലെ വകയാര്‍ വി.കോട്ടയം, വാഴമുട്ടം ഭാഗത്തു നിന്നുളള കിഴക്കന്‍ മേഖലാ തീര്‍ഥാടകരും മൂന്നു മണിയോടെ കുരിശിങ്കലെ സ്വീകരണം ഏറ്റുവാങ്ങി കബറിങ്കലേക്ക്‌ നീങ്ങി.മൂന്നരയോടെ വടക്കന്‍ മേഖല പ്രധാന തീര്‍ഥാടക സംഘത്തെ ഓമല്ലൂര്‍ കുരിശിങ്കല്‍ സ്വീകരിച്ചു.

ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌, കുറിയാക്കോസ്‌ മാര്‍ സേവേറിയോസ്‌, കുറിയാക്കോസ്‌ മാര്‍ തെയോഫിലസ്‌, കുറിയാക്കോസ്‌ മാര്‍ ഈവാനിയോസ്‌, കമാണ്ടര്‍ ടി.യു.കുരുവിള, ടി.മാത്യു അടൂര്‍,രാജന്‍ ജോര്‍ജ്‌, ബിനുവാഴമുട്ടം എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. പാത്രിയര്‍ക്കാ പ്രതിനിധി മോര്‍ ഗ്രിഗോറിയോസ്‌ യൂഹന്നാ ഇബ്രാഹിം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.

 

തീര്‍ഥാടകരെ സ്വീകരിച്ച്‌ ദയറാ കബറിങ്കല്‍ എത്തിയ ശേഷം സന്ധ്യാനമസ്‌കാരം ആരംഭിച്ചു. ശ്രേഷ്‌ഠകാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പ്രാര്‍ഥനയ്‌ക്ക് നേതൃത്വം നല്‍കി.

 

സഭയിലെ മെത്രാപ്പോലീത്തമാരും വിദേശ മെത്രാപ്പോലീത്തമാരും സംഘങ്ങളും പ്രാര്‍ഥനയില്‍ പങ്കെടുത്തു.

 

സിറിയയില്‍ നിന്നും ജസീറയിലെ ബിഷപ്പ്‌ മോര്‍ ഒസ്‌താത്തിയോസ്‌ മാത്താ റോഹോ, മോര്‍ ദിവന്നാസിയോസ്‌ ബഹനാം ജി ജാഹി എന്നിവരും ഫാ. സ്ലീബ കാട്ടുമങ്ങാടിന്റെ നേതൃത്വത്തില്‍ 62 വിദേശ പ്രതിനിധികളും പെരുന്നാളില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ ആറന്മുള സത്രക്കടവ്‌ കുരിശടിയില്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത നടത്തിയ വിശുദ്ധകുര്‍ബാനയ്‌ക്ക് ശേഷമാണ്‌ തീര്‍ഥാടകര്‍ മഞ്ഞനിക്കരയിലേക്ക്‌ നീങ്ങിയത്‌.

 

 

Be the first to comment on "അന്തോഖ്യ അധിപതിയുടെ അനുഗ്രഹം തേടി പതിനായിരങ്ങള്‍ മഞ്ഞനിക്കരയില്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.