വ്രതശുദ്ധിയോടെ വിശുദ്ധന്റെ സന്നിധിയിലേക്ക്: വടക്കന്‍മേഖലാ മഞ്ഞനിക്കര തീര്‍ഥയാത്ര പുറപ്പെട്ടു

 

ഭക്തിയുടെ നിറവില്‍ വടക്കന്‍മേഖല മഞ്ഞനിക്കര കാല്‍നടതീര്‍ഥയാത്ര പുറപ്പെട്ടു. ”രണ്ടാം മഞ്ഞനിക്കര” എന്നു വിശേഷിപ്പിക്കപ്പെടുന്ന ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍നിന്നാണ് അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കാല്‍നട തീര്‍ഥയാത്ര പുറപ്പെട്ടത്. മീനങ്ങാടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് എത്തിയിട്ടുള്ളവര്‍ തീര്‍ഥയാത്രയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

ചെറിയവാപ്പാലശ്ശേരി പള്ളിയില്‍ ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ്ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള കബറിങ്കലെ കെടാവിളക്കില്‍നിന്ന് കൊളുത്തിയ ദീപശിഖ കൈമാറി ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത തീര്‍ഥയാത്രയെ ആശിര്‍വദിച്ചു. സഖറിയ ആലുക്കല്‍ റമ്പാന്‍, ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസേ്കാപ്പ, ഫാ. വര്‍ഗീസ് അരീക്കല്‍, ഫാ. ഇട്ടൂപ്പ് ആലുക്കല്‍, ഫാ. പൗലോസ് അറയ്ക്കപറമ്പില്‍, സി.വൈ. വര്‍ഗീസ്, ജോസ് പി. വര്‍ഗീസ്, സാലു പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരിശുദ്ധന്റെ ഫോട്ടോവച്ച് അലങ്കരിച്ച രഥത്തിനുപിന്നിലായാണ് വ്രതശുദ്ധിയോടെ വിശ്വാസസമൂഹം നടന്നുനീങ്ങുന്നത്. അങ്കമാലി, നെടുമ്പാശ്ശേരി മേഖലകളിലെ എല്ലാ പള്ളികളില്‍നിന്നുമുള്ള വിശ്വാസികള്‍ തീര്‍ഥയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. അങ്കമാലി, വേങ്ങൂര്‍, മരോട്ടിച്ചുവട്, മറ്റൂര്‍ എന്നിവിടങ്ങളില്‍ തീര്‍ഥയാത്രയ്ക്ക് സ്വീകരണം നല്‍കി. ജില്ലയുടെ വടക്കുഭാഗത്തുനിന്നുമുള്ള പള്ളികളിലെ തീര്‍ഥയാത്രകള്‍ മറ്റൂരിലെത്തി പ്രധാന തീര്‍ഥയാത്രയോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ കൂടി പാറേത്തുമുകള്‍ പള്ളിയിലെത്തി തീര്‍ഥാടകസംഘം അവിടെ വിശ്രമിച്ചു. ചൊവ്വാഴ്ച അവിടെനിന്നും യാത്രതുടരും. മാര്‍ഗമധ്യേ 600 ഓളം പള്ളികളില്‍നിന്നുള്ള തീര്‍ഥാടക സംഘം പ്രധാന തീര്‍ഥയാത്രയോടൊപ്പം ചേരും. മൂവാറ്റുപുഴ, മാറാടി, കൂത്താട്ടുകുളം, കുറവിലങ്ങാട്, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ആറന്മുള, പത്തനംതിട്ട, ഓമല്ലൂര്‍ കൂടി തീര്‍ഥയാത്ര 12ന് മഞ്ഞനിക്കരയിലെത്തിച്ചേരും. ശ്രേഷ്ഠ കാതോലിക്ക ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും ചേര്‍ന്ന് തീര്‍ഥയാത്രയെ സ്വീകരിക്കും.

13ന് പരിശുദ്ധന്റെ ശ്രാദ്ധപ്പെരുനാളില്‍ പങ്കെടുത്തശേഷം തീര്‍ഥാടക സംഘം മടങ്ങും.

Be the first to comment on "വ്രതശുദ്ധിയോടെ വിശുദ്ധന്റെ സന്നിധിയിലേക്ക്: വടക്കന്‍മേഖലാ മഞ്ഞനിക്കര തീര്‍ഥയാത്ര പുറപ്പെട്ടു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.