തെങ്ങുംതറയില്‍ ഗീവര്‍ഗീസ്‌ റമ്പാന്റെ മെത്രാഭിഷേകം ഇന്ന്‌

 

 

യാക്കോബായ സുറിയാനി സഭയില്‍ ദയറാ പ്രസ്‌ഥാനങ്ങളുടെ മെത്രാപ്പോലീത്തയായി ഇന്നു വാഴിക്കപ്പെടുന്ന റാന്നി കാളിയാങ്കല്‍ തെങ്ങുംതറയില്‍ ഗീവര്‍ഗീസ്‌ റമ്പാന്‌ ഇതൊരു സ്വപ്‌നസാഫല്യമാണ്‌.

ദയറാ പ്രസ്‌ഥാനത്തിന്റെ ഉപജ്‌ഞാതാവായ പരിശുദ്ധ അന്തോണിയോസും അദ്ദേഹത്തെ പിന്തുടര്‍ന്ന പരിശുദ്ധ ചാത്തുരുത്തില്‍ തിരുമേനി(പരുമല)യുമായിരുന്നു ബാല്യം മുതല്‍ ഗീവര്‍ഗീസ്‌ റമ്പാന്റെ മാതൃകകള്‍.

വി. അന്തോണിയോസാണ്‌ ആദ്യമായി ആശ്രമങ്ങള്‍ക്കും സന്യാസിസമൂഹങ്ങള്‍ക്കും രൂപം നല്‍കിയത്‌. ദയറാ ജീവിതത്തിന്റെ അന്തഃസത്ത പിന്‍ഗാമികള്‍ക്കു കാട്ടിക്കൊടുക്കുകയും പലരേയും ദയറാ ജീവിതത്തിലേക്കു വഴി നടത്തുകയും ചെയ്‌ത യുഗപുരുഷനായിരുന്നു ചാത്തുരുത്തില്‍ തിരുമേനി. ‘സുറിയാനി സഭയുടെ നട്ടെല്ല്‌ ദയറാ സമൂഹമാണ്‌. മറ്റുളളവരുടെ വേദനകള്‍ ഏറ്റുവാങ്ങി സമസ്‌ത ലോകത്തിനും വേണ്ടി കണ്ണീരൊഴുക്കി പ്രാര്‍ഥിക്കുന്ന സന്യസ്‌തരാണു ദയറാക്കാര്‍.

അവരുടെ യാമപ്രാര്‍ഥനകളും സമര്‍പ്പിത ജീവിതവും സഭയ്‌ക്കു മുതല്‍ക്കൂട്ടാണ്‌.’ – റമ്പാന്‍ പറയുന്നു. ദയറാ ജീവിതത്തിന്റെ ആവശ്യകതയും സഭ അതിനു നല്‍കുന്ന സ്‌ഥാനവും ആധുനിക തലമുറയ്‌ക്കു മനസിലാക്കിക്കൊടുക്കുകയാണു പ്രധാനമെന്നും നിയുക്‌ത മെത്രാന്‍ പറയുന്നു. പുതുതായി പല ദയറകളും രൂപപ്പെട്ടു. ദയറകള്‍ സമൂഹത്തിന്റെ നന്മയ്‌ക്കായി അക്ഷീണം പ്രവര്‍ത്തിക്കുകയും വേണം. ദയറാക്കാര്‍ക്കു വേണ്ട കരുതലും സ്‌നേഹവും അംഗീകാരവും നല്‍കണം. – അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുപ്പതോളം വൈദികര്‍ക്കു ജന്മം നല്‍കിയ തെങ്ങുംതറയില്‍ കുടുംബത്തില്‍ പരേതരായ ജേക്കബ്‌-ശലോമി ദമ്പതികളുടെ മകനായി ജനിച്ച ഗീവര്‍ഗീസ്‌ റമ്പാന്‍ ഇംഗ്ലീഷ്‌ സാഹിത്യത്തിലും ദൈവശാസ്‌ത്രത്തിലും ബിരുദം നേടി.

അമേരിക്കയില്‍ നിന്നു ജി.എസ്‌.ടി., എം.ടെക്‌. ബിരുദങ്ങളും നേടിയിട്ടുണ്ട്‌. അമേരിക്കയിലെ വാല്‍ഡിമിര്‍സ്‌ ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍നിന്നു ഡോക്‌ടറേറ്റും ലഭിച്ചു.

യാക്കോബായ സഭയിലെത്തിയശേഷം റമ്പാന്‍ റാന്നി മുക്കാലുമണ്ണിനടുത്ത്‌ അമ്മച്ചിക്കാട്ടിലുളള കുടുംബവീടും വസ്‌തുവും സഭയ്‌ക്കായി സമര്‍പ്പിച്ച്‌ അവിടെ മോര്‍ അന്തോണിയോസ്‌ മൗണ്ട്‌ മോറിയ ആശ്രമവും പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുളള ദയറാ ചാപ്പലും പണികഴിപ്പിച്ചു. കീക്കൊഴൂരിലെ പമ്പാ തീരത്തു മോര്‍ ഗ്രിഗോറിയന്‍ സെന്റര്‍ സ്‌ഥാപിച്ചതും ഗീവര്‍ഗീസ്‌ റമ്പാനാണ്‌.

Be the first to comment on "തെങ്ങുംതറയില്‍ ഗീവര്‍ഗീസ്‌ റമ്പാന്റെ മെത്രാഭിഷേകം ഇന്ന്‌"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.