പൂട്ടിയ പള്ളികളെല്ലാം ഇരുവിഭാഗത്തിനുമായി തുറക്കണം: ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ

 
സഭാ തര്‍ക്കത്തെ തുടര്‍ന്ന്‌ പൂട്ടിക്കിടക്കുന്ന എല്ലാ പള്ളികളും തുറന്ന്‌ ഇരുകൂട്ടര്‍ക്കും ആരാധന നടത്തുവാനുള്ള അന്തരീക്ഷം സൃഷ്‌ടിക്കണമെന്ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ ജനപ്രതിനിധികളുംം നേതാക്കളും സഹായിക്കണമെന്നും ആലുവ മോര്‍ അത്തനേഷ്യസ്‌ സ്‌റ്റഡി സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സമാധാനമായി പെരുന്നാള്‍ നടത്തുന്നതിനു സഹായിച്ച സര്‍ക്കാരിനോടും ജില്ലാഭരണകൂടത്തേടും പോലീസ്‌ അധികാരികളോടും നന്ദിയുണ്ട്‌.

കളക്‌ടറുമായുള്ള ചര്‍ച്ചയിലും കോടതിയിലും പള്ളി തുറക്കുന്നതിനെ എതിര്‍ത്തവര്‍ വിധി എതിരായിട്ടും അതിനെ സ്വാഗതം ചെയ്‌തത്‌ അവസരവാദമാണ്‌. പെരുന്നാള്‍ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ നിരീക്ഷകനെ നിയമിക്കണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ പള്ളി തുറക്കണമെന്ന അപ്രതീക്ഷിത വിധിയുണ്ടായത്‌.

ചര്‍ച്ചയില്‍ പള്ളി തുറന്ന്‌ ഇരുവിഭാഗത്തിനും ആരാധന അനുവദിക്കണമെന്ന തങ്ങളുടെ ആവശ്യത്തെ മെത്രാന്‍ കക്ഷികള്‍ എതിര്‍ക്കുകയായിരുന്നു. പള്ളി തുറക്കണമെന്ന കോടതിവിധി അവര്‍ക്കു കനത്ത ആഘാതമാണ്‌.

തൃക്കുന്നത്ത്‌ പള്ളിയില്‍ ദിവസം രണ്ടുമണിക്കൂര്‍ വീതം ആരാധനയ്‌ക്കും കുര്‍ബാന അര്‍പ്പിക്കാനും ഇരുകൂട്ടര്‍ക്കും അനുവാദം നല്‍കണം. തര്‍ക്കങ്ങള്‍ സംബന്ധിച്ച്‌ അന്തിമവിധി വരുന്നതുവരെ ഈ നില തുടരാം.

സെമിനാരിയില്‍ 1966 നുശേഷം ഒമ്പതുവര്‍ഷത്തെ അവകാശമേ ഓര്‍ത്തഡോക്‌സ് പക്ഷത്തിനുള്ളൂ.

അവര്‍ അവിടെ സൂക്ഷിപ്പുകാര്‍ മാത്രമാണ്‌. എല്ലാ അവകാശരേഖകളും കൈയിലുള്ളവര്‍ വെറും കാഴ്‌ചക്കാരായി കാത്തിരിക്കാന്‍ തുടങ്ങിയിട്ടു മൂന്നു പതിറ്റാണ്ടായി.

ഒരുമണിക്കൂര്‍കൊണ്ട്‌ പരിഹരിക്കാവുന്ന പ്രശ്‌നമാണ്‌ ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ പിടിവാശിമൂലം വര്‍ഷങ്ങളായി നീണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ ഭദ്രാസനത്തിന്റെ കീഴിലുള്ള പള്ളികളിലും സഭാ തര്‍ക്കം നിലനിന്നിരുന്നു.

അവിടെ ഇരുകൂട്ടരും സമാധാനപരമായി പള്ളികള്‍ വീതംവച്ചു പിരിഞ്ഞു. ഈ അന്തരീക്ഷം ഇവിടെയും ഉണ്ടാകാന്‍ സഹകരിക്കണം.

സഭാ തര്‍ക്കം പരിഹരിക്കുന്നതിന്‌ ഇരുകൂട്ടരേയും പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകള്‍ അടുത്തയാഴ്‌ച ആരംഭിക്കുമെന്നാണു പ്രതീക്ഷയെന്നും ശ്രേഷ്‌ഠ ബാവാ പറഞ്ഞു.ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്‌, ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌, മാത്യൂസ്‌ മോര്‍ അപ്രേം, കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, ഏലിയാസ്‌ മോര്‍ ഈബേസിയോസ്‌, മാര്‍ക്കോസ്‌ മോര്‍ ക്രിസോസ്‌റ്റമോസ്‌, കുര്യാക്കോസ്‌ മോര്‍ ക്ലീമ്മിസ്‌, സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, വികാരി ഫാ. ജേക്കബ്‌ കൊച്ചുപറമ്പില്‍, ഫാ. സാബു പാറയ്‌ക്കല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Mangalam 25 Jan 2010

Be the first to comment on "പൂട്ടിയ പള്ളികളെല്ലാം ഇരുവിഭാഗത്തിനുമായി തുറക്കണം: ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.