Thrikkunnath St. Mary's JSO Church opened for feast of Holy Fathers entombed there

ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളി ഓര്‍മപ്പെരുന്നാള്‍ ആരാധനയ്‌ക്കുവേണ്ടി രണ്ടു ദിവസത്തേക്കു തുറന്നു. ഹൈക്കോടതി ജസ്‌റ്റിസ്‌ ഫാറൂണ്‍ അല്‍ റഷീദിന്റെ വിധിയെത്തുടര്‍ന്ന്‌ എറണാകുളം ജില്ലാ കലക്‌ടര്‍ ഡോ. എം. ബീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഭാ നേതാക്കന്മാര്‍ ധാരണയിലെത്തിയതിനെത്തുടര്‍ന്ന്‌ ഇന്നലെ രാത്രി പത്തരയോടെയാണു പള്ളി തുറന്നത്‌.

പെരുന്നാള്‍ നടത്തിപ്പു നിരീക്ഷിക്കാന്‍ അഭിഭാഷക കമ്മിഷനായി അഡ്വ. ശ്രീലാല്‍ വാര്യരെ കോടതി നിയോഗിച്ചിട്ടുണ്ട്‌.

അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട്‌  ഓര്‍ത്തഡോക്‌സ് വിഭാഗത്തെ    വികാരി ഫാ. യാക്കോബ്‌ തോമസും മറ്റും സമര്‍പ്പിച്ച ഇടക്കാല ഹര്‍ജിയിലാണു കോടതി ഉത്തരവ്‌. ഇരുവിഭാഗങ്ങള്‍ക്കും ചെറുസംഘങ്ങളായി പള്ളിയില്‍ അതതു ദിവസം പ്രവേശിക്കാമെന്നും കോടതി വ്യക്‌തമാക്കി. 32 വര്‍ഷമായി അടഞ്ഞുകിടന്ന പള്ളി വൃത്തിയാക്കാനും കോടതി അനുമതി നല്‍കി.

ഇത്തവണ കുര്‍ബാന വേണ്ടെന്നാണു തീരുമാനം. ഇരുവിഭാഗം കാതോലിക്കാ ബാവാമാര്‍ക്കു മെത്രാപ്പോലീത്തമാര്‍ക്കൊപ്പം പത്തുമിനിറ്റ്‌ നേരം പളളിയില്‍ ധൂപപ്രാര്‍ഥന നടത്താം.

ബാവാമാര്‍ക്കൊപ്പം അതതു വികാരിമാര്‍ക്കു മാത്രം മദ്‌ബഹയില്‍ പ്രവേശിക്കാം. കുര്‍ബാനവസ്‌ത്രം ധരിക്കാന്‍ പാടില്ല.

പള്ളിയുടെ എല്ലാ വാതിലുകളും തുറന്നിടും. കഴിഞ്ഞവര്‍ഷത്തെപ്പോലെ പത്തുപേര്‍ക്കു വീതം കബറിങ്കല്‍ പ്രവേശിക്കാം. ബാവാമാര്‍ക്കു പത്തുമിനിറ്റും ഇവിടെ പ്രാര്‍ഥിക്കാം. യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച്‌ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, മാത്യൂസ്‌ മോര്‍ അപ്രേം, സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, വികാരി ഫാ. ജേക്കബ്‌ കൊച്ചുപറമ്പില്‍, സെമിനാരി മാനേജര്‍ ഫാ. വര്‍ഗീസ്‌ തെക്കേക്കര, ട്രസ്‌റ്റി അജി ജോസഫ്‌ ഓളങ്ങാട്ട്‌, അഡ്വ. ജെയ്‌ബി പോള്‍, ശ്യാം ഇമ്മാനുവേല്‍ എന്നിവരും ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ച്‌ വികാരി മത്തായി ഇടയനാല്‍ കോറെപ്പിസ്‌കോപ്പ, സെമിനാരി മാനേജര്‍ ഫാ. യാക്കോബ്‌ തോമസ്‌, ഫാ. കീച്ചേരി, ബഹന്നാന്‍ പൊയ്‌ക്കുടിയില്‍ എന്നിവരും അഭിഭാഷക കമ്മിഷന്‍ ശ്രീലാല്‍ വാര്യരും സംബന്ധിച്ചു.

യാക്കോബായ സഭയുടെ ദീര്‍ഘനാളായുള്ള ആവശ്യം കോടതി അനുവദിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നു ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ പറഞ്ഞു. സെമിനാരി സംബന്ധിച്ച ഉടമസ്‌ഥാവകാശം തെളിയിക്കുന്നതിനുളള രേഖ ഹാജരാക്കി ബോധ്യപ്പെടുത്തുകയാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ചെയ്യേണ്ടത്‌.  അല്ലാത്തപക്ഷം ക്രിസ്‌തീയത്വം പരിഗണിച്ച്‌ ഒഴിവാകണമെന്നും ബാവ ആവശ്യപ്പെട്ടു.

‘അടഞ്ഞു കിടന്ന തൃക്കുന്നത്ത്‌ സെമിനാരി പള്ളി ആരാധനയ്‌ക്കായി തുറന്നതില്‍ സന്തോഷമുണ്ട്‌. ദൈവം നന്മ ചെയ്‌തു’- ഓര്‍ത്തഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌ പ്രതികരിച്ചു.

Be the first to comment on "Thrikkunnath St. Mary's JSO Church opened for feast of Holy Fathers entombed there"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.