സഭാ ഭാരവാഹി തെരഞ്ഞെടുപ്പ് : ക്രമീകരണങ്ങളുടെ അറിയിപ്പ്

പരിശുദ്ധ  യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2018 നവംബര്‍ 19 തിങ്കളാഴ്ച സഭാകേന്ദ്രമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്ററില്‍ നടക്കും. രഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് വഴിയാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി, വൈദീക ട്രസ്റ്റി, അല്‍മായ ട്രസ്റ്റി, അല്‍മായ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

19. 11. 2018  ല്‍ പുത്തന്‍കുരിശ് മോര്‍ ഇഗ്‌നാത്തിയോസ് നഗറില്‍ വച്ച് നടക്കുന്ന പള്ളി പ്രതിനിധി യോഗത്തില്‍ പങ്കെടുക്കുവാന്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

1. യോഗത്തില്‍ പങ്കെടുക്കുവാന്‍ വരുന്ന പ്രതിനിധികളുടെ വാഹനങ്ങള്‍ പുത്തന്‍കുരിശ് പള്ളിയുടെ ഗ്രൗണ്ട്, എം.ജെ. എസ്.എസ്.എയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, എം.എ.എം. ഹൈസ്‌കൂള്‍ ഗ്രൗണ്ട്, ബി.പി.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, മോര്‍ ഏലിയാസ് ചാപ്പല്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

2. യോഗ ദിവസം യോഗസ്ഥലത്തേയ്ക്ക് അഭി. തിരുമേനിമാരുടെ വാഹനങ്ങള്‍ ഒഴികെ മറ്റൊരു വാഹനങ്ങളും പ്രവേശിക്കുവാന്‍ അനുവദിക്കുന്നതല്ല.

3. പള്ളിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രതിനിധികള്‍ ഒരുമിച്ച് വൈദീക പ്രതിനിധിയോടൊപ്പം ഹാജര്‍ ബുക്കില്‍ ഒപ്പിട്ട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ബാഡ്ജില്‍, രേഖപ്പെടുത്തേണ്ട വിവരങ്ങള്‍ പൂര്‍ണ്ണമായി എഴുതേണ്ടതും, ബാഡ്ജ് ധരിച്ച് മാത്രം യോഗസ്ഥലത്തേക്ക് പ്രവേശിക്കേണ്ടതുമാകുന്നു.

4. ഓരോ മേഖലയ്ക്കും വേണ്ടി ക്രമീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ മാത്രമെ പള്ളികള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ പാടുള്ളൂ.

5. നിലവിലുള്ള തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ അവര്‍ പ്രതിനിധീകരിക്കുന്ന മേഖലയ്ക്ക് അനുവദിച്ചിരിക്കുന്ന കൗണ്ടറുകളില്‍ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി (Rs. 200/-) രജിസ്റ്റര്‍ ചെയ്യേണ്ടതാകുന്നു. എന്നാല്‍ ടി മാനേജിംഗ് കമ്മറ്റി അംഗങ്ങളായിട്ടുള്ളവരില്‍ ആരെങ്കിലും പള്ളി പ്രതിനിധിയായി പള്ളിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട് വന്നിട്ടുണ്ടെങ്കില്‍ പള്ളി പ്രതിനിധി എന്ന നിലയില്‍ തന്നെ രജിസ്‌ട്രേഷന്‍ നടത്തേണ്ടതും മാനേജിംഗ് കമ്മറ്റി അംഗം എന്ന നിലയിലുള്ള രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്തതുമാകുന്നു. ടി മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങിയുള്ള ചെലവുകള്‍ അവര്‍ അംഗമായിട്ടുള്ള പള്ളിക്കാര്യത്തില്‍ നിന്നും വഹിക്കേണ്ടതാണ്.

6. യോഗസ്ഥലത്ത് പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്.

7. പള്ളികളില്‍ നിന്നും വരുന്നവര്‍ എല്ലാവരും ഒരുമിച്ച് വരുന്നതിനും അധികാര പത്രത്തിന്റെ രണ്ടാമത്തെ കോപ്പി എല്ലാവരും ഒപ്പിട്ട് കൊണ്ടുവന്ന് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഏല്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം.

8. പ്രതിനിധികള്‍ രാവിലെ 11 മണിക്ക് മുമ്പായി രജിസ്‌ട്രേഷന്‍ നടത്തി യോഗസ്ഥലത്ത് പ്രവേശിക്കേണ്ടതും തുടര്‍ന്ന് യോഗം ആരംഭിക്കുന്നതുമായിരിക്കും.

9. ബാഡ്ജ് ധരിക്കാതെ ആരും യോഗസ്ഥലത്ത് പ്രവേശിക്കുവാന്‍ പാടില്ലാത്തതാകുന്നു.

10. യോഗസ്ഥലത്ത് തികഞ്ഞ അച്ചടക്കം പാലിക്കുകയും വോളണ്ടിയേഴ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം.

11.  മോര്‍ ഇഗ്‌നാത്തിയോസ് നഗറിലേയ്ക്ക് യോഗത്തില്‍ പങ്കെടുക്കുവാന്‍ വരുന്ന പള്ളി പ്രതിനിധികള്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

12. രജിസ്‌ട്രേഷന്‍ നടത്തുന്നതിനും, വോട്ട് രേഖപ്പെടുത്തുന്നതിനും പ്രതിനിധികള്‍ തങ്ങളുടെ ഫോട്ടോ പതിച്ചിട്ടുള്ള ഗവണ്‍മെന്റ് അംഗീകൃത തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് അതാത് കൗണ്ടറില്‍ ഹാജരാക്കേണ്ടതാണ്.

13. പള്ളി പ്രതിനിധിയോഗം ഉച്ചകഴിഞ്ഞ് 12.30 ന് അവസാനിക്കുന്നതും ഉച്ചകഴിഞ്ഞ് 1.00 മണിയ്ക്ക് തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുന്നതുമാണ്.

14. മേഖല തിരിച്ചായിരിക്കും വോട്ടെടുപ്പ് നടത്തപ്പെടുന്നത്..

15. ഓരോ സ്ഥാനത്തേയ്ക്കും വ്യത്യസ്ഥമായ നിറങ്ങളിലുള്ള ബാലറ്റ് പേപ്പറുകളാണ് ക്രമീകരിച്ചിട്ടുള്ളത്.

16. രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി ഹാജര്‍ രേഖപ്പെടുത്തി ബാഡ്ജ് വാങ്ങി ധരിച്ചവരെ മാത്രമെ പോളിംഗ് ബൂത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

17. മുകളില്‍ പറഞ്ഞിരിക്കുന്ന വിധത്തില്‍ അര്‍ഹത നേടിയിട്ടുളളവര്‍ അവര്‍ പ്രതിനിധീകരിക്കുന്ന മേഖലയ്ക്കായി ക്രമീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തില്‍ പ്രവേശിച്ച്, തങ്ങളുടെ ഫോട്ടോ പതിച്ച ഗവണ്‍മെന്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ പ്രിസൈഡിംഗ് ഓഫീസറെ കാണിച്ച് ബോദ്ധ്യപ്പെടുത്തി രജിസ്റ്ററില്‍ ഒപ്പിട്ട് ബാലറ്റ് പേപ്പറുകള്‍ വാങ്ങി വോട്ട് രേഖപ്പെടുത്തി, ക്രമീകരിച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കേണ്ടതാണ്.

18. ഓരോ പള്ളി പ്രതിനിധിയ്ക്കും ഓരോ സ്ഥാനത്തേയ്ക്കും 1 വീതം വോട്ട് എന്ന വിധത്തില്‍ നാല് സ്ഥാനങ്ങളിലേയ്ക്കുമായി മൊത്തം നാല് വോട്ട് രേഖപ്പെടുത്താ വുന്നതാണ്. ഓരോ സ്ഥാനത്തേയ്ക്കും അനുവദിച്ചിരിക്കുന്ന എണ്ണത്തില്‍ കൂടുതല്‍ പേര്‍ക്ക് വോട്ട് രേഖപ്പെടുത്തിയാല്‍ ആയത് ഏത് സ്ഥാനത്തേയ്ക്കാണോ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് ടി വോട്ട് അസാധുവായിരിക്കുന്നതാണ്.

19. വോട്ടെടുപ്പ് ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കുന്നതാണ്. എന്നാല്‍ ഉച്ചയ്ക്ക് 12.00 മണിയ്ക്ക് മുമ്പായി മുറപ്രകാരം രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവരും നിശ്ചിത പോളിംഗ് ബൂത്തില്‍ വോട്ടിംഗിനായിട്ടുള്ള നിരയില്‍ ഹാജരായിട്ടുള്ളവരുമായവര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നതല്ല.

20. പോളിംഗ് ബൂത്തിലും, വോട്ടെണ്ണല്‍ കേന്ദ്രത്തിലും മൊബൈല്‍ ഫോണിന്റെ ഉപയോഗം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ആത്മീയാന്തരീക്ഷത്തിന് കളങ്കം ഉണ്ടാക്കുന്ന യാതൊരു നടപടികളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്.

21. യോഗത്തിന്റെയും അതുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളുടെയും അനുഗ്രഹകരമായ നടത്തിപ്പിന് എല്ലാവരും മുട്ടിപ്പായി പ്രാര്‍ത്ഥിക്കേണ്ടതാണ്.




No announcement available or all announcement expired.