രണ്ടു ലക്ഷത്തിലധികം വിശ്വാസികളുടെ സംഗമം നാളെ കൊച്ചിയില്‍

രണ്ടു ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുന്ന യാക്കോബായ സഭയുടെ പാത്രിയര്‍ക്കാ ദിനാഘോഷവും വിശ്വാസ പ്രഖ്യാപന സമ്മേളനവും നാളെ. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം മൈതാനത്തിനു സമീപം തയാറാക്കിയിരിക്കുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ നഗറിലാണ് സമ്മേളനം നടക്കുന്നത്. സംഗമത്തിന് മുന്നോടിയായി തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും കുന്നംകുളത്തുനിന്ന് ആരംഭിച്ച ഛായാചിത്ര ഘോഷയാത്രയും ഹൈറേഞ്ച് മേഖലയിലെ മുരിക്കുംതൊട്ടിയില്‍നിന്നു തുടക്കം കുറിച്ച പതാക ഘോഷയാത്രയും ഇന്ന് വൈകുന്നേരം അഞ്ചിന് സമ്മേളനനഗറില്‍ എത്തും.

തുടര്‍ന്നു സമ്മേളന നഗറില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പതാക ഉയര്‍ത്തും. നാളെ വൈകുന്നേരം മൂന്നിനു നടക്കുന്ന വിശ്വാസ പ്രഖ്യാപന സമ്മേളനത്തില്‍ മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രപ്പോലീത്ത വിശിഷ്ടാഥിതിയായിരിക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും. പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധിയും ബല്‍ജിയം, ഫ്രാന്‍സ്, ലക്‌സംബര്‍ഗ് ഇടവകകളുടെ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ജോര്‍ജ് ഖൂറി അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ യാക്കോബായ സഭയ്ക്കു പുറമേ വിവിധ സഭകളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

സമ്മേളനത്തിനായി വിശാലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. വൈദികര്‍ക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കുമായി രണ്ടായിരത്തോളം കസേരകളും ക്രമീകരിച്ചിട്ടുണ്ട്. 80 പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേജാണ് തയാറാക്കിയിരിക്കുന്നത്. വിശ്വാസികളെ എത്തിക്കുന്നതിനായി വിവിധ ദേവാലയങ്ങളില്‍നിന്നായി രണ്ടായിരത്തോളം ബസുകള്‍ മാത്രം ബുക്ക് ചെയ്തിട്ടുണ്ട്. മറ്റു വാഹനങ്ങളിലും വിശ്വാസികളെത്തും. നഗരത്തില്‍ ഗതാഗത തടസം ഉണ്ടാകാതിരിക്കാന്‍ പോലീസുമായി ചേര്‍ന്നു വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Be the first to comment on "രണ്ടു ലക്ഷത്തിലധികം വിശ്വാസികളുടെ സംഗമം നാളെ കൊച്ചിയില്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.