വോട്ട് ചെയ്യുക വിശ്വാസികളുടെ സ്വാതന്ത്ര്യം – യാക്കോബായ സഭ

 

കൊച്ചി: വോട്ട്‌ചെയ്യുക എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും ഇതില്‍ യാക്കോബായ സഭ ഇടപെടുകയില്ലെന്നും സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കെസിബിസി പുറത്തിറക്കിയ ഇടയലേഖനം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിശ്വാസികള്‍ക്ക് കത്തോലിക്ക സഭ നല്‍കിയ സന്ദേശം നിര്‍ബന്ധിത പ്രബോധനമാണെന്ന് കരുതുന്നില്ല. സഭയുടെ ചിന്തകള്‍ പങ്കുവെയ്ക്കുന്നു എന്നതിനപ്പുറം അതൊരു ബാധ്യതയായി കരുതുന്നില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

 

പ്രായപൂര്‍ത്തിയായവര്‍ക്കാണ് വോട്ടവകാശം ഉള്ളത്. അവര്‍ക്ക് ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവുണ്ട്. അതിനാല്‍ വോട്ടവകാശം വിശ്വാസികളുടെ പൂര്‍ണ സ്വാതന്ത്ര്യത്തിന് യാക്കോബായ സഭ വിട്ടുകൊടുക്കുന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തില്‍ യാക്കോബായ സഭ രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ലെന്നും സുന്നഹദോസ് സെക്രട്ടറി പറഞ്ഞു.

രാഷ്ട്രീയത്തില്‍ മതം ഇടപെടാന്‍ പാടില്ല എന്നതിനോട് പൂര്‍ണമായി യോജിക്കുന്നില്ലെന്ന് യാക്കോബായ സുറിയാനി സഭ . പൗലോസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ  സ്ഥാനാരോഹണ ശതാബ്ദി  ആഘോഷ സമാപനം ആഗസ്റ്റ് എട്ടിന് സംഘടിപ്പിക്കുമെന്നറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സഭാ മേധാവികള്‍. വിവിധ കാലഘട്ടങ്ങളില്‍ കത്തോലിക്കാ സഭ പ്രബോധനം നല്‍കാറുണ്ട്. കെ.സി.ബി.സി ഇടയലേഖനം അതിന്റെ ഭാഗമാണ്. സഭ സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള സഭ നിര്‍ബന്ധപൂര്‍വമല്ല സന്ദേശം നല്‍കുന്നത്. സഭാ വിശ്വാസികളുടെ പൊതു വികാരമാണ് ഇടയലേഖനങ്ങളെന്നും മെത്രാപ്പോലീത്തമാരായ അബ്രഹാം മോര്‍ സേവേറിയോസ്, ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ് എന്നിവര്‍  പറഞ്ഞു. വിദ്യാഭ്യാസവും പ്രബുദ്ധതയുമേറിയ ജനവിഭാഗമാണ് കേരളത്തിലേത്. സഭ പറയാതെ തന്നെ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം.  അവര്‍ക്ക് മതത്തിന്റെ സ്വാധീനമുണ്ടാകാം. എങ്കിലും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ യാക്കോബായ സഭ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

 

Be the first to comment on "വോട്ട് ചെയ്യുക വിശ്വാസികളുടെ സ്വാതന്ത്ര്യം – യാക്കോബായ സഭ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.