പുത്തന്‍കുരിശ്‌ പള്ളിയില്‍ പൊതുയോഗം ചേര്‍ന്ന്‌ തീരുമാനമെടുക്കും: ശ്രേഷ്‌ഠ ബാവ

 

പുത്തന്‍കുരിശ്‌ പള്ളിയില്‍ പൊതുയോഗം ചേര്‍ന്ന്‌ ആരാധനാ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ തീരുമാനമെടുക്കുമെന്ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ അറിയിച്ചു.

 

പള്ളിക്കെതിരേ ഓര്‍ത്തഡോക്‌ഡ്സ്‌ പക്ഷം നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച്‌ തള്ളിയ സാഹചര്യത്തിലാണിത്‌. കേസുകള്‍ അവസാനിപ്പിച്ച്‌ ക്രൈസ്‌തവ മാര്‍ഗത്തിലേക്ക്‌ വരാന്‍ മറുഭാഗം തയാറായാല്‍ അവരെ സഹോദരങ്ങളായി കരുതി പ്രവര്‍ത്തിക്കാന്‍ യാക്കോബായ സഭ പ്രതിജ്‌ഞാബദ്ധമാണെന്നും ബാവ വ്യക്‌തമാക്കി. തര്‍ക്കങ്ങളുള്ള പള്ളികളില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സഭ എന്നും തയാറാണ്‌.

 

വ്യവഹാരങ്ങള്‍ സഭാ തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരമല്ലെന്നും കോടതിക്ക്‌ വെളിയില്‍ മധ്യസ്‌ഥന്മാരുടെ നേതൃത്വത്തില്‍ പരിഹാരം കണ്ടെത്തണമെന്നും കോടതി തന്നെ നിര്‍ദേശിച്ചിരുന്നു. വ്യവഹാരങ്ങള്‍ ക്രിസ്‌തീയതയ്‌ക്ക് ചേര്‍ന്നതല്ല. കോടതിയുടെ നിര്‍ദേശത്തെ സഭ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നതായി ശ്രേഷ്‌ഠ ബാവ പറഞ്ഞു.

 

പരിശുദ്ധ പത്രോസ്‌ ശ്ലീഹ സ്‌ഥാപിച്ച അന്ത്യോഖ്യാ സിംഹാസനത്തില്‍നിന്നും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയിലൂടെ മാത്രം ആത്മീയ നല്‍വരങ്ങള്‍ ലഭിക്കുന്നുവെന്നത്‌ സഭയുടെ അടിസ്‌ഥാന വിശ്വാസമാണ്‌. ഈ വിശ്വാസത്തിന്‌ വിരുദ്ധമായ മെത്രാന്‍ കക്ഷികളുടെ നിലപാടുകളാണ്‌ തര്‍ക്കങ്ങള്‍ക്ക്‌ കാരണം. വിശ്വാസികള്‍ പടുത്തുയര്‍ത്തിയ പള്ളികളും സ്‌ഥാപനങ്ങളും മറുവിഭാഗം അനധികൃതമായി കൈയേറിയിരിക്കുന്നു.

 

വിശ്വാസികളുടെ നേരേയുള്ള അതിക്രമങ്ങള്‍ കണ്ടിരിക്കാന്‍ സഭയ്‌ക്കാവില്ല. സമ്പത്തിനുവേണ്ടി സഭ ഒരിക്കലും നിലകൊണ്ടില്ല. പള്ളികള്‍ ഏതു വിശ്വാസത്തില്‍ സ്‌ഥാപിതമായോ ആ വിശ്വാസത്തില്‍ അവയെ നിലനിര്‍ത്താന്‍ സഭയ്‌ക്ക് ഉത്തരവാദിത്വമുണ്ടെന്നും ശ്രേഷ്‌ഠ ബാവ പറഞ്ഞു.

 

 

 

Be the first to comment on "പുത്തന്‍കുരിശ്‌ പള്ളിയില്‍ പൊതുയോഗം ചേര്‍ന്ന്‌ തീരുമാനമെടുക്കും: ശ്രേഷ്‌ഠ ബാവ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.