മാമലശേരി സമരം, പുല്ലാട്ടച്ചന്റെ നില ഗുരുതരം; പിന്തുണയുമായി എംഎല്‍എമാര്‍

 

 

മാമലശേരി പള്ളിവിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട്‌ ഏഴാം നാളും അനിശ്ചിതകാല സത്യാഗ്രഹമനുഷ്‌ഠിക്കുന്ന പുല്ലാട്ടച്ചന്റെ നില ഗുരുതരം. ഇന്ന്‌ നടന്ന പ്രാര്‍ത്ഥനായജ്ഞത്തിന്‌ റ്റി.യു കുരുവിള എംഎല്‍എയും സാജുപോള്‍ എംഎല്‍എയും പങ്കെടുത്തതോടെ വിഷയത്തിന്‌ രാഷ്ട്രീയമാനം കൈവന്നു. എംഎല്‍എമാര്‍ നിരാഹാരസമരം ആരംഭിക്കുമെന്ന്‌ ശക്തമായ അഭ്യൂഹമുണ്ടായിരുന്നു. സഭയോടുള്ള കൂറു പ്രഖ്യാപിക്കാന്‍ പ്രാര്‍ത്ഥനായജ്ഞത്തിലാണ്‌ പങ്കെടുത്തതെന്ന്‌ ടി.യു കുരുവിള ഗ്ലോബല്‍ മലയാളത്തോട്‌ വ്യക്തമാക്കി.

ഈ വിഷയത്തില്‍ നിഷ്‌പക്ഷ നിലപാട്‌ സ്വീകരിച്ചില്ലെങ്കില്‍ അതിന്റെ വില കൊടുക്കേണ്ടിവരുമെന്നും തുടര്‍നടപടികളെക്കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്ന്‌ മാമലശേരി പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കെടുത്തുക്കൊണ്ട്‌ വിശ്വാസികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചപ്പോള്‍ ടി.യു കുരുവിള പറഞ്ഞിരുന്നു.

 

മാമലശേരി മിഖായേല്‍ പള്ളിയില്‍ യാക്കോബായ സഭ നടത്തുന്ന അനിശ്ചിതകാല പ്രാര്‍ത്ഥനായജ്ഞം 262-ാം ദിവസത്തിലേയ്‌ക്ക്‌ കടന്നിട്ടും സര്‍ക്കാര്‍ ഈ വിഷയത്തില്‍ എതിര്‍വിഭാഗത്തിന്‌ അനുകൂല നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ യാക്കോബായ വിഭാഗം ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം മെയ്‌ 12-ന്‌ പള്ളി പെരുന്നാളിനോട്‌ അനുബന്ധിച്ച്‌ ഓര്‍ത്തഡോക്‌സ്‌ വൈദിക ട്രസ്‌റ്റി ഫാ. ജോണ്‍സ്‌ എബ്രാഹം കോനാട്ട്‌ കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയതോയെയാണ്‌ സംഘര്‍ഷം ആരംഭിച്ചത്‌. ഓര്‍ത്തഡോക്‌സ്‌-യാക്കോബായ വിഭാഗങ്ങള്‍ പരസ്‌പരം നടത്തിയ കല്ലേറില്‍ 9 പേര്‍ക്ക്‌ പരിക്കേറ്റിരുന്നു.

 

മാമലശേരി പള്ളിയെചൊല്ലി തര്‍ക്കം ആരംഭിച്ചത്‌ 1972-ലാണ്‌. ഇതിനെ തുടര്‍ന്ന്‌ 1974-ല്‍ റിസീവര്‍ ഭരണത്തിന്‌ കീഴിലായ പള്ളിയുടെ ചുമതല 2:1 ആനുപാതത്തില്‍, രണ്ട്‌ യാക്കോബായ വൈദികര്‍ക്കും ഒരു ഓര്‍ത്തഡോക്‌സ്‌ വൈദികനുമായിരുന്നു.

 

1997-ല്‍ ഒരു വിഭാഗം യാക്കോബായക്കാര്‍ കൂടി ഓര്‍ത്തഡോക്‌സ്‌ സഭയിലേയ്‌ക്ക്‌ കൂറുമാറി. യാക്കോബായ വിഭാഗത്തിന്റെ മാമലശേരിയിലെ വൈദികരും കൂറുമാറിയവരില്‍ ഉള്‍പ്പെട്ടിരുന്നു. ഈ വിഷയത്തില്‍ സ്റ്റാറ്റസ്‌കോ തുടരാന്‍ കോടതി ഉത്തരവിട്ടു. 2011-ല്‍ കോടതി നിയോഗിച്ചിരുന്ന വൈദികരില്‍ ഒരാള്‍ മരിച്ചപ്പോള്‍ ആ സ്ഥാനത്തേയ്‌ക്ക്‌ ഒരു യാക്കോബായ വൈദികന്‌ അവസരം നല്‌കണമെന്ന്‌ സഭ ആവശ്യപ്പെട്ടു. വര്‍ഗീസ്‌ പുല്ലാട്ടച്ചനെ ഇതിനായി നിയോഗിക്കുകയും ചെയ്‌തു. എന്നാല്‍ യാക്കോബായ സഭയുടെ വാദം അംഗീകരിക്കാന്‍ ഓര്‍ത്തഡോക്‌സുകാര്‍ തയാറാകാതെ വന്നതോടെയാണ്‌ പ്രശ്‌നം ആരംഭിച്ചത്‌. ഇത്‌ കല്ലേറിലെത്തി. 850 ഇടവകക്കാരുള്ളതില്‍ 650 പേരും യാക്കോബായ വിശ്വാസികളാണെന്നാണ്‌ യാക്കോബായ വിഭാഗം അവകാശപ്പെടുന്നത്‌.

 

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മാമലശേരി വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട്‌ സ്വീകരിക്കാമെന്ന്‌ ഉറപ്പു നല്‌കിയതിനെ തുടര്‍ന്നാണ്‌ സഭാ വിശ്വാസികള്‍ അനൂപ്‌ ജേക്കബിന്‌ വോട്ടുചെയ്‌തതെന്നും, എന്നാല്‍ തിരഞ്ഞെടുപ്പിന്‌ ശേഷം ഈ വിഷയം പാടെ അവഗണിക്കുന്ന നിലപാടാണ്‌ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും വിശ്വാസികള്‍ക്ക്‌ ആക്ഷേപമുണ്ട്‌. ഇതിന്‌ പൊള്ളുന്ന വില നല്‌കേണ്ടി വരുമെന്ന്‌ യാക്കോബായ നേതൃത്വം വ്യക്തമാക്കി.

 

Staff Correspondent / globalmalayalam.com

 

Be the first to comment on "മാമലശേരി സമരം, പുല്ലാട്ടച്ചന്റെ നില ഗുരുതരം; പിന്തുണയുമായി എംഎല്‍എമാര്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.