ബാവയുടെ ഉപവാസ സമരം ആറാം ദിവസത്തിലേക്ക്‌; ഇന്നു തിരുവനന്തപുരത്ത്‌ ചര്‍ച്ച

സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ സഭക്ക്‌ ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ നടത്തുന്ന ഉപവാസ സമരം ആറാം ദിവസത്തിലേക്ക്‌ കടന്നതോടെ പ്രശ്‌നം പരിഹരിക്കാനാകാതെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍.

ഇതിനോടകം നിരവധി ചര്‍ച്ചകളാണ്‌ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടന്നത്‌. ഒന്നും തന്നെ ഫലം കണ്ടില്ല. ബാവയുടെ ഉപവാസ സമരം നീണ്ടു പോകുന്നതോടെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്‌ ജില്ലയിലെ യു.ഡി.എഫ്‌ മന്ത്രിമാരും, എം.എല്‍.എമാരും രാഷ്‌ട്രീയ നേതാക്കളുമാണ്‌. പ്രതിസന്ധി നീണ്ടുപോകുന്തോറും ഇവര്‍ക്കെതിരേ സഭയില്‍ നിന്നും പ്രതിഷേധം വര്‍ദ്ധിച്ച്‌ വരുകയാണ്‌. കഴിഞ്ഞ ദിവസം ബാവയെ സന്ദര്‍ശിക്കാനെത്തിയ എം.പിമാരായ കെ.പി. ധനപാലന്‍, പി.ടി. തോമസ്‌ എന്നിവരെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ ഏറെ പ്രയാസപ്പെട്ടാണ്‌ തിരിച്ചയച്ചത്‌.

ഇതിനിടെ സര്‍ക്കാരില്‍ നിന്നും സഭക്ക്‌ ആശ്രയം വേണ്ടെന്ന്‌ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ ശ്രേഷ്‌ഠ ബാവ തുറന്നടിച്ചു. സഭയെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ നടത്തിവരുന്ന ചര്‍ച്ചകള്‍ കൊണ്ട്‌ പരിഹാരമാകുന്നില്ല. പള്ളി പള്ളിക്കാരുടേതാണെന്ന സുപ്രീം കോടതി ഉത്തരവില്‍ സഭ ഉറച്ച്‌ നില്‍ക്കുന്നതായും ബാവ പറഞ്ഞു. സഭാ തര്‍ക്കത്തില്‍ കെ. കരുണാകരന്‍ മന്ത്രിസഭ സ്വീകരിച്ച നടപടി നടപ്പാക്കാമെന്ന്‌ ബാവ പറഞ്ഞു. ഭൂരിപക്ഷത്തിന്‌ പള്ളിയുടെ ചുമതല ഏല്‍പ്പിച്ച ചരിത്രം ഉണ്ടായിട്ടുണ്ട്‌. അതിന്റെ സാക്ഷികളാണ്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചനും, മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ടി.എച്ച്‌ മുസ്‌തഫയും. തര്‍ക്കം ഉണ്ടായാല്‍ പൊതുയോഗം വിളിച്ചാണ്‌ തീരുമാനമുണ്ടാകേണ്ടതെന്നും ബാവ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഇടപെടല്‍ ഇത്തരത്തിലാവണമെന്നും ബാവ പറഞ്ഞു.

ഇന്നലെ രാവിലെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഡ്യ റാലി നടത്തി.

കൂടാതെ യൂത്ത്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ബൈക്ക്‌ റാലിയും നടത്തി. വൈകിട്ട്‌ മേഖലയിലെ പള്ളികളിലെ ഭക്‌തസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഐക്യദാര്‍ഡ്യറാലിയില്‍ ആയിരക്കണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്തു. മെത്രാപ്പോലീത്തമാരായ ഡോ. എബ്രാഹാം മോര്‍ സേവേറിയോസ്‌, ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌ എന്നിവരെ കൂടാതെ നൂറ്‌ കണക്കിന്‌ വൈദികരും സ്‌ത്രീകളും അടക്കമുള്ള വിശ്വാസികളാണ്‌ പ്രാര്‍ത്ഥനായജ്‌ഞത്തില്‍ പങ്കാളികളാകുന്നത്‌. സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കേത്തലക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സഭാ വര്‍ക്കിംഗ്‌-മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളും നേതൃത്വം നല്‍കി വരുന്നുണ്ട്‌. ഇന്ന്‌ വൈകിട്ട്‌ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റാലി നടത്തുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇന്ന്‌ തിരുവനന്തപുരത്ത്‌ രാവിലെ 10.30ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭാപ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തും.

Be the first to comment on "ബാവയുടെ ഉപവാസ സമരം ആറാം ദിവസത്തിലേക്ക്‌; ഇന്നു തിരുവനന്തപുരത്ത്‌ ചര്‍ച്ച"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.